ആലപ്പുഴ ജില്ലയിലെ മാവേലിക്കര പുന്നമൂട്ടിൽ പരിസ്ഥിതി സൗഹൃദ ഉൽപ്പാദന മേഖലയിൽ ശ്രദ്ധേയമായ മാതൃക തീർക്കുകയാണ് രേണുക എന്ന സംരംഭക. ‘പേപ്പർവേൾഡ്’ എന്ന സ്ഥാപനത്തിലൂടെ പരിസ്ഥിതി സൗഹൃദ ബയോ പേപ്പർ കപ്പുകളും ഗ്ലാസുകളും നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന ഈ സംരംഭത്തിന് ഇതിനകം മികച്ച സ്വീകാര്യത ലഭിച്ചുകഴിഞ്ഞു.
നാല് ജീവനക്കാരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം, തന്റെ സ്വപ്നങ്ങളെ പ്രാവർത്തികമാക്കിയ രേണുകയുടെ ഇച്ഛാശക്തിയുടെ നേർക്കാഴ്ച കൂടിയാണ്. തുടക്കത്തിൽ ബ്യൂട്ടീഷ്യൻ രംഗത്ത് പ്രവർത്തിച്ചിരുന്ന രേണുകയ്ക്ക്, ദുബായിൽ പ്രിന്റിങ് പ്രസ് മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഉണ്ണിക്കൃഷ്ണനാണ് ഈ ബിസിനസ് ആശയത്തിന് വഴിയൊരുക്കിയത്.
മുൻപരിചയമില്ലാതെ തന്നെ കൃത്യമായ ആസൂത്രണത്തോടെ ആർക്കും വിജയിപ്പിക്കാവുന്ന മേഖലയാണിതെന്ന് ഈ സംരംഭത്തിലൂടെ രേണുക തെളിയിക്കുന്നു. നിലവിൽ 150ml, 200ml, 300ml എന്നീ അളവുകളിലുള്ള ഗ്ലാസുകളാണ് പ്രധാനമായും ഇവിടെ നിർമ്മിക്കുന്നത്.
ബയോ സർട്ടിഫൈഡ് കപ്പുകൾക്ക് മുൻഗണന നൽകുന്നതിനൊപ്പം തന്നെ, ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യാനുസരണം സാധാരണ പേപ്പർ കപ്പുകളും ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ശിവകാശിയിൽ നിന്നെത്തുന്ന ISO സർട്ടിഫൈഡ് ബയോ പേപ്പർ ഷീറ്റുകളാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.
യന്ത്രങ്ങൾ വാങ്ങുന്നതിനായി എട്ടു ലക്ഷം രൂപയും, PMEGP പദ്ധതി പ്രകാരം പത്തു ലക്ഷം രൂപ വായ്പയായും സ്വരൂപിച്ചു. 35% സബ്സിഡിക്ക് അർഹതയുണ്ടെങ്കിലും കെവിഐസി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട
നടപടികൾ പൂർത്തിയാകാനുണ്ട്. സ്ഥാപനത്തിന്റെ വിപണന രീതിയെക്കുറിച്ച് രേണുക പറയുന്നത് ഇങ്ങനെ: ‘‘എല്ലാ മാസവും ഒരുപോലെ ബിസിനസ് ഉണ്ടാവില്ല.
പ്രതിമാസം രണ്ടു ലക്ഷം മുതൽ നാലു ലക്ഷംവരെ വിൽപന വരാറുണ്ട്. 50,000 രൂപയുടെ കച്ചവടം നടന്ന മാസങ്ങളുമുണ്ട്.
വിതരണക്കാർക്കു നൽകുമ്പോൾ 20% അറ്റാദായമാണു ലഭിക്കുന്നത്’’. കേറ്ററിങ് സ്ഥാപനങ്ങളാണ് പ്രധാനമായും കാഷ് ആൻഡ് ക്യാരി രീതിയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നത്.
നിലവിൽ സാധാരണ കപ്പുകൾക്ക് 45 മുതൽ 55 രൂപ വരെയാണ് വിലയെങ്കിൽ, ബയോ പേപ്പർ കപ്പുകൾക്ക് 90 മുതൽ 110 രൂപ വരെയാണ് നിരക്ക്. ഭാവിയിൽ ബയോ പേപ്പർ പ്ലേറ്റുകളുടെ നിർമ്മാണത്തിലേക്കും കടക്കാൻ രേണുക പദ്ധതിയിടുന്നുണ്ട്.
ഭർത്താവ് ഉണ്ണിക്കൃഷ്ണനും മക്കളായ ആരോമൽ, അനശ്വര എന്നിവരും ഈ സംരംഭത്തിന് വലിയ പിന്തുണ നൽകുന്നു. ബ്യൂട്ടിപാർലർ ജോലിക്കപ്പുറം ഈ ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രേണുകയുടെ തീരുമാനം.
പരിസ്ഥിതി നിയമങ്ങൾ കർശനമാകുന്ന സാഹചര്യത്തിൽ, കുറഞ്ഞത് പത്തു ലക്ഷം രൂപയുടെ മുതൽമുടക്കിൽ പുതിയ സംരംഭകർക്ക് കടന്നുവരാവുന്ന ലാഭകരമായ മേഖലയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

