സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ ക്ഷേത്രങ്ങളിലെ കൊടിമര നിർമ്മാണത്തിനായി മീനച്ചിൽ താലൂക്കിലെ തേക്ക് മരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലേക്കും ഇവിടുത്തെ തേക്ക് മരങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ നൂറോളം ക്ഷേത്രങ്ങളിലേക്കാണ് പാലാ മേഖലയിൽ നിന്നും മരങ്ങൾ എത്തിച്ചിട്ടുള്ളത്. കൊല്ലം പുത്തൂർ ചെറുമങ്ങാട് ചെരുവിൽ ദേവി ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി മരം കണ്ടെത്തിയത് മരങ്ങാട്ടുപിള്ളി പൈക്കാട് പകലോമറ്റം കുമ്പിളുങ്കൽ ഷാജുവിന്റെ പുരയിടത്തിലാണ്.
തന്റെ 81–ാമത് കൊടിമര നിർമ്മാണത്തിനായുള്ള മരം അന്വേഷിച്ചാണ് എരുമേലി സ്വദേശിയായ വ്യഷാചാര്യ ബിൻസ് ഔസേപ്പച്ചൻ ഇവിടെയെത്തിയത്. ക്ഷേത്ര മാനദണ്ഡങ്ങൾക്കനുസൃതമായ ഗുണമേന്മയുള്ള മരങ്ങൾ മീനച്ചിൽ താലൂക്കിലെ വിവിധ മേഖലകളിൽ സുലഭമാണ്.
ക്ഷേത്ര നിർമ്മിതികൾക്കായി തിരഞ്ഞെടുക്കുന്ന മരങ്ങൾക്ക് കർശനമായ നിബന്ധനകളാണുള്ളത്. 40 മുതൽ 60 അടി വരെ ഉയരവും, ശിഖരങ്ങൾ കുറഞ്ഞ ഒരേ വണ്ണവുമുള്ള മരങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
മരത്തിൽ ചെരിവ്, വളവ്, പക്ഷിക്കൂട്, ഇത്തിൾ എന്നിവ ഉണ്ടാകാൻ പാടില്ല. വൃക്ഷപൂജയ്ക്ക് ശേഷം വർണ്ണത്തുണികളിൽ പൊതിഞ്ഞ് ഘോഷയാത്രയായാണ് മരങ്ങൾ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
കൊല്ലം പുത്തൂർ ചെറു മങ്ങാട് ചേരിൽ ദേവി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന മരം 50 അടി ഉയരമുള്ളതാണ്. ഇതിന് താഴെ ഭാഗത്ത് 75 ഇഞ്ചും മുകൾ ഭാഗത്ത് 50 ഇഞ്ചും വണ്ണമുണ്ട്.
വെട്ടിയെടുക്കുന്ന തേക്കുമരങ്ങൾ ഔഷധക്കൂട്ട് ചേർത്ത എണ്ണത്തോണിയിലിട്ട് സംസ്കരിച്ച ശേഷമാണ് കൊടിമരങ്ങളായി രൂപപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

