കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും വീടും റോഡും തകർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾ ഇപ്പോഴും സഹായത്തിനായി കാത്തിരിക്കുന്നു. രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ട് ഇവർക്ക് ലഭ്യമായിട്ടില്ല.
പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മന്ത്രിതലങ്ങൾ എന്നിവിടങ്ങളിൽ ഒട്ടേറെത്തവണ പരാതി നൽകിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും ഇനിയും പൂർത്തിയായിട്ടില്ല.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിൽ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിക്കാനുള്ളത്. കൃഷിനാശം നേരിട്ടവർ, വീടുകൾ പൂർണമായും ഭാഗികമായും തകർന്നവർ എന്നിവരെല്ലാം നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി സഹായധനം വിതരണം ചെയ്യാനുള്ള സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ നഷ്ടം നേരിട്ടവരുടെ വിവരങ്ങൾ കലക്ടർക്കും സർക്കാരിനും കൈമാറിയിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് പാസായതായി വിവരം ലഭിച്ചെങ്കിലും തുക ഇതുവരെയും അക്കൗണ്ടുകളിൽ എത്തിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപെങ്കിലും തുക അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദുരിതബാധിതർ.
എന്നാൽ അപ്പോഴും 12 കോടി രൂപ വിതരണം ചെയ്തില്ല. തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതോടെ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ വീണ്ടും ഇതുസംബന്ധിച്ച് റിമൈൻഡർ റിപ്പോർട്ട് ബന്ധപ്പെട്ട
വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
ദുരിതാശ്വാസ ഫണ്ട് വൈകുന്നത് കരാറുകാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾ കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയെങ്കിലും അവർക്കുള്ള പ്രതിഫലവും ലഭിച്ചിട്ടില്ല.
വെള്ളപ്പൊക്കത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ, റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്നു മാറ്റിതാമസിപ്പിച്ചവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് ഫണ്ട് അടിയന്തരമായി ആവശ്യമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

