കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ കർശന പരിശോധനയിൽ വൻതോതിൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല കാത്തൂൺ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
സ്റ്റേഷൻ പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇവരുടെ ലഗേജ് ബാഗുകൾ പരിശോധിച്ചപ്പോഴാണ് നിരോധിത ലഹരിവസ്തു കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് ആറു കിലോയിലേറെ ഭാരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ എത്തിക്കുന്ന കഞ്ചാവ് പ്രാദേശികതലത്തിലെ പ്രധാന വിതരണക്കാർക്ക് കൈമാറുകയാണ് പതിവെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള മൊഴി. ലഹരി വസ്തു എത്തിച്ചു നൽകിയാൽ പ്രതിഫലമായി പതിനായിരം രൂപയോളം ലഭിക്കാറുണ്ടെന്നും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ ലഹരി കടത്ത് ശൃംഖലയുടെ പിന്നിലുള്ള പ്രധാന കണ്ണികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ശക്തമാക്കുമെന്ന് കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദൻ അറിയിച്ചു.
തുടർനടപടികളുടെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്ത്, അഷിൽദ്, പ്രശാന്ത്, ജിത്തു.പി.പി, അനുരാജ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ അജല്യ, പ്രിവന്റീവ് ഓഫിസർമാരായ ഷാജു.സി.പി, ഗ്രേഡ് രശ്മി, റെജി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ഹിതിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായക പങ്കുവഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

