എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിലുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിപ്പിച്ചിരിക്കുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1200 മെഗാവാട്ട് വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതിന്റെ തുടർച്ചയായി കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വ്യവസ്ഥ പ്രകാരമുള്ള 200 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവും ദേശീയ തലത്തിൽ കാറ്റാടി നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതും നിലവിലെ പ്രതിസന്ധി കടുപ്പിച്ചിട്ടുണ്ട്.
രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നില്ല. കൂടാതെ, ദേശീയതലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ച 12000 മെഗാവാട്ട് കുറവ് പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല.
രാജ്യത്ത് 5000 മെഗാവാട്ട് വരെ ഓൾ ഇന്ത്യ ഡിമാൻഡ് വർധിക്കാനും, 5000 മെഗാവാട്ട് വരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ലോഡ് ഡെസ്പാച്ച് സെൻ്ററിന്റെ മുന്നറിയിപ്പ് പ്രകാരം സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ട്.
ഈ സാഹചര്യത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് 400 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെടുന്നത്. പവർ എക്സ്ചേഞ്ച് വഴിയുള്ള ലഭ്യതക്കുറവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതിനാൽ, 20.09.2026-(ഞായറാഴ്ച) വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെയുള്ള പീക്ക് സമയത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം.
ആയതിനാൽ ഉപഭോക്താക്കൾ ഈ സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി ക്രമീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

