പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ മെഴുകുതിരി നിർമാണത്തിനുള്ള പാരഫിൻ വാക്സ് വില കുതിച്ചുയർന്നത് സംസ്ഥാനത്തെ ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറി. ക്രൂഡ് ഓയിലിൽ നിന്നു സംസ്കരിച്ചെടുത്താണ് പാരഫിൻ വാക്സ് നിർമ്മിക്കുന്നത് എന്നതിനാൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലക്കയറ്റം ഈ വ്യവസായത്തെ പെട്ടെന്ന് തന്നെ ബാധിക്കുന്നുണ്ട്.
നിർമാണച്ചെലവ് ക്രമാതീതമായി വർധിച്ചെങ്കിലും മെഴുകിന്റെ വിലയനുസരിച്ച് വിപണിയിൽ ഉൽപ്പന്നവില കൂട്ടാൻ കഴിയാത്തത് സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾക്ക് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.
കേരളത്തിലാകെ ഏകദേശം ഒരു ലക്ഷത്തോളം മെഴുകുതിരി നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും ചെറുകിട സംരംഭങ്ങളാണ്.
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ഇവരെല്ലാം തന്നെ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പല യൂണിറ്റുകൾക്കും ഉൽപാദനത്തിന്റെ അളവ് ഗണ്യമായി വെട്ടിക്കുറക്കേണ്ടി വന്നിട്ടുണ്ട്.
ചെന്നൈ പെട്രോളിയം കോർപറേഷൻ, അസമിലെ ഗുവാഹത്തി റിഫൈനറി എന്നിവിടങ്ങളിൽ നിന്നും ലഭ്യമാക്കുന്ന പാരഫിൻ വാക്സ്, സിഡ്കോ വഴിയാണ് കേരളത്തിലെ നിർമാതാക്കൾക്ക് എത്തിച്ചു നൽകുന്നത്. അതേസമയം, ചില സ്വകാര്യ കമ്പനികൾ കുറഞ്ഞ വിലയ്ക്ക് പാരഫിൻ വാക്സ് ഇറക്കുമതി ചെയ്ത് നൽകുന്നുണ്ടെങ്കിലും ഇവയ്ക്ക് നിലവാരം തീരെ കുറവാണെന്ന ആക്ഷേപവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

