കേരളത്തിലെ മദ്യവിപണിയിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ അഥവാ വീര്യം കുറഞ്ഞ മദ്യവിഭാഗത്തിന് സർക്കാർ പുതിയ നികുതി ഘടന ഏർപ്പെടുത്തി. ബജറ്റ് പ്രസംഗത്തിലൂടെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം 0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും, 10 മുതൽ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവും നികുതി ഈടാക്കും.
പശ്ചാത്തലം
2022–23 ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്ക്ക് അനുമതി നൽകുകയും ചട്ടങ്ങൾ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നെങ്കിലും, കൃത്യമായ നികുതി ഘടന പ്രഖ്യാപിക്കാത്തത് പ്രതിസന്ധിയായിരുന്നു. അക്കാലത്ത് 42.86 ശതമാനം വീര്യമുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് സമാനമായ 251 ശതമാനം നികുതി നൽകേണ്ടി വന്നിരുന്നതിനാൽ, കമ്പനികൾ കേരളത്തിൽ ഇത്തരം ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ വിമുഖത കാണിച്ചിരുന്നു.
നികുതി ഘടനയിൽ മാറ്റം വരുത്തണമെന്ന കമ്പനികളുടെ മുൻകാല ആവശ്യങ്ങൾ വരുമാനനഷ്ടം ഭയന്ന് സർക്കാർ നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിനാണ് പുതിയ ബജറ്റ് പ്രഖ്യാപനത്തോടെ മാറ്റം വരുന്നത്.
ഹോർട്ടി ലിക്കർ മേഖലയിലെ സാധ്യതകൾ
കശുമാങ്ങ ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഹോർട്ടി ലിക്കറുകളുടെ നികുതി ഘടനയും ഉടൻ പരിഷ്കരിക്കുമെന്ന് സർക്കാർ അറിയിച്ചു. 20–30 ശതമാനം വരെ വീര്യമുള്ള ഹോർട്ടി ലിക്കറുകൾ വിൽക്കാൻ നിയമഭേദഗതി കൊണ്ടുവന്നെങ്കിലും നികുതി നിശ്ചയിക്കാത്തതിനാൽ നിലവിൽ ഇതിന്റെ ഉൽപാദനം എവിടെയും ആരംഭിച്ചിട്ടില്ല.
സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും
മദ്യവിപണനത്തിനപ്പുറം എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബജറ്റിൽ നിർദേശമുണ്ട്. ലഹരിക്കടത്ത് തടയുന്നതിനായി ചെക്പോസ്റ്റുകളിൽ അത്യാധുനിക എഐ ക്യാമറകൾ സ്ഥാപിക്കും.
കൂടാതെ, എക്സൈസ് വകുപ്പിനായി പ്രത്യേക രാസപരിശോധനാ ലാബുകൾ സജ്ജമാക്കുമെന്നും, എല്ലാ എക്സൈസ് ഓഫീസുകളിലും ലഹരിവസ്തുക്കൾ തിരിച്ചറിയുന്നതിനായുള്ള കിറ്റുകൾ ലഭ്യമാക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. മാവേലിക്കര റേഞ്ചിലെ ചെട്ടികുളങ്ങര, ഭരണിക്കാവ്, കായംകുളം റേഞ്ചിലെ പത്തിയൂർ, നൂറനാട് റേഞ്ചിലെ വള്ളിക്കുന്നം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതിയ മാതൃകാ റേഞ്ച് ഓഫീസ് സ്ഥാപിക്കാനും തീരുമാനമായി.
നിലവിലെ മദ്യത്തിന്റെ നികുതി ഘടന (അളവ് അടിസ്ഥാനത്തിൽ):
– ഇന്ത്യൻ നിർമിത വിദേശമദ്യം: 42.86% വീര്യം – 251% നികുതി
– ബീയർ: 6% വീര്യം – 116% നികുതി
– വൈൻ: 15.5% വീര്യം – 86% നികുതി
– ഹോർട്ടി വൈൻ: 15.5% വീര്യം – 86% നികുതി
– ഹോർട്ടി ലിക്കർ: 20%– 30% വീര്യം – 251% നികുതി
– എഫ്എംഎഫ്എൽ (FMFL): നികുതി 115%
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

