സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ അട്ടിമറി കേസിൽ പിഎസ്സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച് രംഗത്ത്. പരീക്ഷയിൽ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് കേവലം ക്ലറിക്കൽ വീഴ്ചയല്ലെന്നും, മറിച്ച് ബോധപൂർവ്വമായ ഇടപെടലാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി കോടതിയെ സമീപിച്ചത് ദുരൂഹമാണെന്ന് വിശേഷിപ്പിച്ച അന്വേഷണ സംഘം, പിഎസ്സി ചെയർമാനും അംഗങ്ങളും അടങ്ങുന്ന പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ആസൂത്രണ ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അരുൺ ജെ പ്രതാപൻ പത്ത് ചോദ്യങ്ങൾക്ക് അപൂർണ്ണമായ ഉത്തരമാണ് നൽകിയിരുന്നത്.
ഈ ഉത്തരങ്ങൾ പരിശോധിക്കാതിരുന്നത് ബോധപൂർവ്വമാണെന്ന് കരുതേണ്ടിയിരിക്കുന്നു. കൂടാതെ, മാർക്ക് ഷീറ്റ് ആവശ്യപ്പെട്ട് പരാതിക്കാർ നൽകിയ അപേക്ഷയിൽ നടപടികൾ വൈകിച്ചതും സംശയസ്പദമാണ്.
ജയലാൽ എന്ന ഉദ്യോഗാർത്ഥി 2025 ജൂൺ 11-നാണ് ഉത്തരക്കടലാസിനായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ, ഇതിനുള്ള മറുപടി നൽകിയത് ഒരു വർഷത്തിന് ശേഷം 2026 ജൂൺ 18-നായിരുന്നു.
പിഎസ്സി മനപ്പൂർവ്വം വരുത്തിയ കാലതാമസമാണിത്. അഡ്വൈസ് മെമ്മോ നൽകിയാൽ ഒരു വർഷത്തിനുള്ളിലുള്ള നിയമനം റദ്ദാക്കാൻ മാത്രമാണ് പിഎസ്സിക്ക് അധികാരമുള്ളത്.
പരീക്ഷാ പേപ്പറിന്റെ പകർപ്പ് നൽകാൻ ബോധപൂർവ്വമായ വൈകിപ്പിക്കൽ ഉണ്ടാക്കി. പരാതിക്കാരുടെ നിയമപരമായ അവകാശം തടയാനും ഒന്നാം റാങ്ക് ജേതാവായ അരുൺ ജെ പ്രതാപിനെ സംരക്ഷിക്കാനുമാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു.
ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ക്ലറിക്കൽ വീഴ്ചയല്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണ സംഘം, അങ്ങനെയല്ലെങ്കിൽ ജയലാലിന്റെ അപേക്ഷയിൽ വേഗത്തിൽ ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമാക്കുമായിരുന്നു എന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

