കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എബോള ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പാലാ സ്വദേശിനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവർക്ക് രോഗബാധയില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെയാണ് നടപടി.
പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ച രക്തസാമ്പിളുകളുടെ ഫലം പൂർണമായും നെഗറ്റീവായതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിൽ ജോലി ചെയ്തിരുന്ന ഇവർ, കഴിഞ്ഞ ബുധനാഴ്ചയാണ് ചികിത്സ തേടി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്.
സുഡാനിൽ നിന്നും യുഗാണ്ട വഴിയാണ് ഇവർ നാട്ടിലെത്തിയത്.
തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടുകയായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുമായി ബന്ധപ്പെട്ട
ആഗോള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഇവരെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. വിദഗ്ധ മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിലായിരുന്നു ഇവരെ നിരീക്ഷിച്ചിരുന്നത്.
കാര്യമായ ലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെങ്കിലും, പരിശോധനാ ഫലം വരുന്നത് വരെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. പരിശോധനാ ഫലത്തിൽ എബോള വൈറസിന്റെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇവരെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചു.
വിദേശത്ത് നിന്നും പകർച്ചവ്യാധി സാധ്യതയുള്ള മേഖലകളിൽ നിന്നും എത്തുന്ന രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നത് ആരോഗ്യവകുപ്പിന്റെ സാധാരണ സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

