തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരുടെ വൻ പ്രവാഹം. ഇന്നലെ നഗരത്തിലെ ഹോട്ടലുകളിൽ മുറികൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടായി.
മലബാർ മേഖലയിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരാണ് ബസുകളിലും ട്രെയിനുകളിലുമായി തലസ്ഥാന നഗരിയിൽ എത്തിച്ചേർന്നത്. തമ്പാനൂർ, അരിസ്റ്റോ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ മുറികൾ ലഭിക്കാതെ വന്നതോടെ പ്രവർത്തകർ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അഭയം തേടി.
ഗതാഗത സംവിധാനങ്ങളെയും ഈ തിരക്ക് കാര്യമായി ബാധിച്ചു. കെഎസ്ആർടിസി മുതൽ ശ്രീകുമാർ തിയറ്റർ വരെയുള്ള ഭാഗങ്ങളിൽ പതിവായി കാണാറുള്ള ഓട്ടോറിക്ഷകൾ ഇന്നലെ രാവിലെ ലഭ്യമല്ലായിരുന്നു.
ഗതാഗത സൗകര്യങ്ങൾ ലഭിക്കാതെ വന്നതോടെ നിരവധി പേർ മോസ്ക് ലെയിൻ, എസ്എസ് കോവിൽ റോഡ് വഴി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കാൽനടയായി സഞ്ചരിച്ചു. ഭക്ഷണം കഴിക്കുന്നതിനും വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതിനും പ്രവർത്തകർ തിക്കിത്തിരക്കിയതോടെ നഗരത്തിലെ ഹോട്ടലുകളിലും ഡ്രൈ ക്ലീനിങ് സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
നഗരത്തിലുടനീളം പോലീസ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കുന്നതിലോ ഓട്ടോറിക്ഷാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലോ കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് മലപ്പുറത്ത് നിന്നെത്തിയ പ്രവർത്തകർ പരാതിപ്പെട്ടു. സ്റ്റേഡിയത്തിന് മുൻപിലെ റോഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആ നിയന്ത്രണങ്ങൾ തുടങ്ങുന്ന പോയിന്റ് വരെയെങ്കിലും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കാമായിരുന്നുവെന്ന ചോദ്യവും പ്രവർത്തകർ ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

