കോട്ടയം: ഇന്ത്യയുടെ ചരിത്രവും വർത്തമാനകാലവും ട്രെയിൻ ബോഗികൾ പോലെ കോർത്തിണക്കി ഒരുക്കുന്ന വ്യത്യസ്തമായ നാടകം കോട്ടയത്ത് അവതരിപ്പിക്കുന്നു. പാലക്കാടൻ നാടകസംഘത്തിന്റെ ‘കൂ ഹൂ: ആൻ ആന്തോളജി ഓൺ റെയിൽസ്’ എന്ന ഒന്നേമുക്കാൽ മണിക്കൂർ നീളുന്ന നാടകം ഓഗസ്റ്റ് ഒന്നിന് കെ.സി.മാമ്മൻ മാപ്പിള ഹാളിൽ വൈകിട്ട് 6.30നാണ് അരങ്ങേറുന്നത്.
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള തിരിച്ചുവരവ് മുതൽ ബംഗാളിലെ ബേഗൻ ഗദൂർ, നാഗാലാൻഡിലെ ദിമാപുർ റെയിൽ സ്റ്റേഷനുകളുടെ ചരിത്രങ്ങൾ വരെയാണ് നാടകത്തിന്റെ ആദ്യ ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യ വിഭജനകാലത്ത് ട്രെയിനുകളിലൂടെ നടന്ന പലായനങ്ങളുടെ നേർക്കാഴ്ചയാണ് രണ്ടാം ഭാഗം പങ്കുവെക്കുന്നത്.
അവസാന ഭാഗത്ത് ട്രെയിനുകൾ തന്നെ അഭയാർഥികളുടെ വാസസ്ഥലമായി മാറുന്ന പശ്ചാത്തലം നാടകത്തെ തികച്ചും വേറിട്ട അനുഭവമാക്കുന്നു.
ഭാഷാ വ്യത്യാസങ്ങളില്ലാതെ ഏവർക്കും വേഗത്തിൽ മനസ്സിലാകുന്ന ഈ ദൃശ്യാവിഷ്കാരം ഇതിനോടകം നിരവധി വേദികളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സംഗീതനാടക അക്കാദമി അവാർഡ് ജേതാവായ പാലക്കാട് സ്വദേശി അരുൺ ലാൽ ആണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്ററിലെ ഇരുപതോളം പ്രതിഭാധനരായ നടീനടന്മാരാണ് ഈ നാടകത്തിൽ അണിനിരക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ് രൂപീകരിച്ച മൈസൂരുവിലെ നിർദിഗണ്ടയാണ് ഈ ദൃശ്യവിഭവം നിർമിച്ചിരിക്കുന്നത്.
ദ് പർപ്പിൾ ക്രയോൺസ് ആണ് ഈ നാടകം കോട്ടയത്തേക്ക് എത്തിക്കുന്നത്. ഇതിനു പുറമെ സെപ്റ്റംബർ മാസത്തിൽ പ്രശസ്ത ചലച്ചിത്രതാരം ദർശന രാജേന്ദ്രന്റെ നാടകവും കോട്ടയത്ത് എത്തുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

