വയനാട് ബത്തേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്നുപേർ ദാരുണമായി മരണപ്പെട്ടു. പഴയ വൈത്തിരിയിൽ ദേശീയപാത 766-ൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചീരാൽ പഴൂർ മൂച്ചിയിൽ ബാബു എന്ന നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൽ (15) എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി മിന്നൽ ബസും, ബാബുവിന്റെ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
ബാബു സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഷിജിയെയും അമലിനെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നമ്പിക്കൊല്ലിയിൽ ഓട്ടോ ഡ്രൈവറായിരുന്നു ബാബു. പഴൂർ സെന്റ് ആന്റണീസ് എയുപി സ്കൂളിലെ നഴ്സറി വിഭാഗം താൽക്കാലിക ആയയായിരുന്നു ഷിജി.
പത്താം ക്ലാസ് വിദ്യാർഥിയായ അമൽ ചീരാൽ ഗവ. ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്.
ഇന്നലെ വൈകിട്ട് അഞ്ചേകാലോടെ മൂവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. തുടർന്ന് പഴൂർ സെന്റ് ആന്റണീസ് സ്കൂൾ മുറ്റത്ത് പൊതുദർശനത്തിന് വെച്ച ശേഷം, ഏഴുമണിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി.
നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രദേശവാസികളും അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ നിർമാണം പുരോഗമിക്കുന്ന വീടിന്റെ പണി പൂർത്തിയാകും മുൻപേയുള്ള ഇവരുടെ വേർപാട് നാട്ടുകാർക്ക് തീരാനൊമ്പരമായി.
ബാബുവിന്റെയും ഷിജിയുടെയും വിയോഗത്തോടെ ആറുപേർ താമസിച്ചിരുന്ന ഈ വീട്ടിൽ ഇനി മൂന്നുപേർ മാത്രമാണ് അവശേഷിക്കുന്നത്. മാതാപിതാക്കളെയും സഹോദരനെയും നഷ്ടമായ അഭിജിത്തിനെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

