വടകര – കോഴിക്കോട് റൂട്ടിൽ റെയിൽവേ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ആവശ്യത്തിന് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കാത്തതിൽ കോഴിക്കോട് ഡിടിഒയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സെപ്റ്റംബർ 17 മുതൽ 30 വരെയാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
സെപ്റ്റംബർ 29ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഡിടിഒ നേരിട്ടെത്തി വിശദീകരണം സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.
യാത്രക്കാർക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയത് സംബന്ധിച്ച് ഡിടിഒ രേഖാമൂലം മറുപടി നൽകണം. കോഴിക്കോട് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിലെ യാത്രികർക്കായി ബദൽ യാത്രാ സൗകര്യമൊരുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
റെയിൽവേ സർവീസ് നിയന്ത്രണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നിട്ടും, യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി സ്വന്തം നിലയിൽ മുൻകൈയെടുക്കേണ്ടതായിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും കോഴിക്കോട് ഡിപ്പോയുടെ ഭാഗത്തുനിന്ന് കൃത്യമായ ഏകോപനമോ ക്രമീകരണമോ ഉണ്ടായില്ലെന്ന് കമ്മിഷൻ ഗൗരവത്തോടെയാണ് വിലയിരുത്തിയത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഈ നടപടി. അതേസമയം, റെയിൽപാതയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് എലത്തൂരിലും കൊയിലാണ്ടിയിലും യാത്ര അവസാനിപ്പിച്ച ട്രെയിനുകളിലെത്തിയ യാത്രികർ ഇന്നലെ കടുത്ത ദുരിതമാണ് നേരിട്ടത്.
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് എലത്തൂരിലും, ആലപ്പുഴയിൽ നിന്നുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് കൊയിലാണ്ടിയിലുമാണ് യാത്ര അവസാനിപ്പിച്ചത്.
തുടർയാത്രയ്ക്കായി കെഎസ്ആർടിസി ബസുകൾ ലഭിക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് രാത്രിയിൽ റെയിൽവേ സ്റ്റേഷനുകളിൽ വലഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

