തന്റെ സ്നേഹം തുറന്നുപറഞ്ഞ് ജീവിതത്തിലേക്കു ക്ഷണിച്ച മാർട്ടിനോട് നിതിൻ ചന്ദ് ഒറ്റ ആഗ്രഹമേ പറഞ്ഞുള്ളൂ, ഗുരുവായൂരിൽ കണ്ണന്റെ മുന്നിൽ വച്ചാവണം വിവാഹം. എന്നാൽ അതിന് ഇരുവർക്കും കാത്തിേണ്ടി വന്നത് നീണ്ട
10 വർഷങ്ങളാണ്. ഒടുവിൽ ഇന്ന് രാവിലെ 11 മണിക്ക് ഗുരുവായൂരിലെ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാർട്ടിൻ ഡേ നിതിന്റെ കഴുത്തിൽ താലി ചാർത്തി.
മുൻ യുകെ പാർലമെന്റംഗവും നിലവിൽ സ്കോട്ട്ലൻഡിലെ പാർലമെന്റംഗവുമാണ് മാർട്ടിൻ ഡേ (55). പിറവം പാമ്പാക്കുട
സ്വദേശിയാണ് നിതിൻ ചന്ദ് (49). പത്തു വർഷം മുമ്പ് മാർട്ടിനൊപ്പം തുടങ്ങിയ ജീവിതത്തിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു നിതിൻ ഇന്ന് ഗുരുവായൂരിൽ നിറവേറ്റിയത്.
ചടങ്ങിനു സാക്ഷിയായി ഇരുവരുടെയും ബന്ധുക്കൾക്കൊപ്പം 22കാരൻ മകൻ വേദിക് ശങ്കറും. സ്റ്റുഡന്റ് വീസയിൽ 2008ലാണ് നിതിൻ ചന്ദ് യുകെയിലേക്കു പോകുന്നത്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് പൂർത്തിയാക്കിയ ശേഷമായിരുന്നു ഐടി മാനേജ്മെന്റിൽ മാസ്റ്റേഴ്സിനായി യുകെയിലേക്കു വിമാനം കയറൽ. മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്കൂൾ സഹപാഠി കൂടിയാണ് നിതിൻ.
പിതാവ് വെറ്ററിനറി ഫീൽഡ് ഓഫിസറായി വിരമിച്ച പാമ്പാക്കുട കുന്നത്തോത്ത് കെ.എൻ.ചന്ദ്രൻ, മാതാവ് പാമ്പാക്കുട
മുൻ ഗ്രാമപഞ്ചായത്തംഗമായ രാജമ്മ. ഇവരുടെ ഏക മകളാണ് നിതിൻ.
മാസ്റ്റേഴ്സിനുശേഷം നിതിൻ പിഎച്ച്ഡി ചെയ്യുന്നതിനിടയിലാണ് യുകെ സർക്കാർ വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി വീസ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. ഇത്തരത്തിൽ വീസ റദ്ദാക്കപ്പെട്ടവരിൽ നിതിനും ഉൾപ്പെട്ടിരുന്നു.
വീസ പോലും തുലാസിലായതോടെ ഇന്ത്യൻ വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉന്നയിച്ച് അതിനെതിരെ യുകെ പാർലമെന്റിൽ നിതിൻ ശക്തമായി ലോബിയിങ് നടത്തുകയും പാർലമെന്റ് കമ്മിറ്റികൾക്കു മുൻപാകെ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഈ പോരാട്ടത്തിനിടയിലാണ് അന്ന് യുകെ പാർലമെന്റ് അംഗമായിരുന്ന മാർട്ടിൻ ഡേയെ നിതിൻ പരിചയപ്പെടുന്നത്.
യുകെ പാർലമെന്റിൽ ലിൻലിത്ഗോ ആൻഡ് ഈസ്റ്റ് ഫൽകിർക്ക് മണ്ഡലത്തെയാണ് മാർട്ടിൻ പ്രതിനിധീകരിച്ചിരുന്നത്. സ്കോട്ടിഷ് നാഷനൽ പാർട്ടി അംഗമാണ് മാർട്ടിന്.
ആദ്യമൊക്കെ ഫോണിലൂടെയായിരുന്നു ഇരുവരുടെയും സംസാരം. മറ്റു വിദ്യാർഥികൾക്കു വേണ്ടിയാണ് നിതിൻ പ്രചാരണം നടത്തുന്നത് എന്നായിരുന്നു മാർട്ടിൻ കരുതിയത്.
2016 ഫെബ്രുവരിയിലാണ് ആദ്യം കാണുന്നതെങ്കിലും മേയിലാണ് മാർട്ടിൻ തന്റെ പ്രണയം തുറന്നുപറഞ്ഞ് നിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ താൻ വിവാഹമോചിതയും 12 വയസ്സുള്ള മകന്റെ അമ്മയാണെന്നും നിതിൻ പറഞ്ഞു.
‘എനിക്ക് കുട്ടികളെ ഇഷ്ടമാണ്’ എന്നായിരുന്നു മാർട്ടിന്റെ മറുപടി. അന്ന് ജോലിയോ വീസയോ ഒന്നുമില്ലാതിരുന്ന നിതിനെ മാർട്ടിൻ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി മാതാപിതാക്കളായ മാർഗരറ്റ് ഡേയ്ക്കും റോൺ ഡേയ്ക്കും പരിചയപ്പെടുത്തി.
അവരും നിതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് മകൻ വേദിക് ശങ്കറിനെയും യുകെയിലേക്ക് കൊണ്ടുപോയി.
മാർട്ടിന്റെ മാതാപിതാക്കൾ തന്നെയാണ് വേദിക്കിനെ സ്നേഹത്തോടെ വളർത്തി വലുതാക്കിയതെന്ന് നിതിൻ പറയും. പഠനം പൂർത്തിയാക്കിയ വേദിക് ഇന്ന് എഡിൻബറോയിൽ കംപ്യൂട്ടർ ഷെയർ കമ്പനിയിൽ സീനിയർ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്ററാണ്.
നിതിൻ ലിൻലിത്ഗോയിൽ മാനേജ്മെന്റ് കൺസൾട്ടന്റായി ജോലി ചെയ്യുന്നതിനൊപ്പം സ്കോട്ടിഷ് നാഷനൽ പാർട്ടിയിലും മാർട്ടിന്റെ പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു. ഗുരുവായൂരിൽ വച്ചായിരിക്കണം വിവാഹമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും 10 വർഷം മുമ്പ് പിആറും ഫാമിലി വീസയുമൊക്കെ ലഭിക്കേണ്ടിരുന്നതിനാല് അവിടെ തന്നെ വിവാഹം നടത്തുകയായിരുന്നു എന്ന് നിതിൻ പറയുന്നു.
നിതിനെ വിവാഹം കഴിച്ചശേഷം നാലാം വട്ടമാണ് മാർട്ടിൻ കേരളത്തിലെത്തുന്നത്. 2018, 2019, 2023 വർഷങ്ങളിൽ കേരളത്തിലെത്തിയെങ്കിലും ഗുരുവായൂർ ദർശനം സാധ്യമായിരുന്നില്ല.
പ്രളയവും കോവിഡും വീട്ടുകാരുടെ അസുഖങ്ങളുമൊക്കെയായി നീണ്ടു പോയ ഗുരുവായൂർ വിവാഹം നാലാം വട്ടമെത്തിയപ്പോൾ സാധ്യമായി. 1999 മുതൽ ജനപ്രതിനിധിയായ മാർട്ടിൻ ഡേ റീട്ടെയിൽ ബാങ്കറായും കൗൺസിലറായും പ്രവർത്തിച്ചശേഷം മൂന്ന് ടേമിലായി ഒൻപതുവർഷം യുകെ പാർലമെന്റംഗമായിരുന്നു.
സ്കോട്ടിഷ് പാർലമെന്റിലെ ‘ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഫോർ ഇന്ത്യ ചെയർ’ കൂടിയാണ് മാർട്ടിൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

