ന്യൂഡൽഹി ∙ വിമാനടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടുള്ള കമ്പനികളുണ്ടെങ്കിൽ അവയുടെ പ്രവർത്തനം മരവിപ്പിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
വിമാനനിരക്ക് നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ മൂന്നാഴ്ചയ്ക്കകം അന്തിമമാക്കുമെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി. ഭാരതീയ വായുയാൻ അധിനിയമത്തിനു വേണ്ടിയുള്ള ചട്ടങ്ങൾ വേഗത്തിൽ തയാറാക്കി വരികയാണെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം കോടതിയെ വ്യക്തമാക്കി.
ഇതിന്റെ കരടുചട്ടങ്ങൾ രഹസ്യരേഖയായി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഈ രേഖ 7 ദിവസത്തിനകം പ്രസിദ്ധീകരിക്കണമെന്നു ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.
വിമാനനിരക്കിലെ അനിയന്ത്രിത മാറ്റങ്ങൾ നിയന്ത്രിക്കുന്നതിന് സ്വതന്ത്രവും ശക്തവുമായ ഒരു സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എസ്. ലക്ഷ്മി നാരായൺ ആണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
വിമാനക്കൂലി നിയന്ത്രിക്കാൻ നിലവിൽ ഫലപ്രദമായ സംവിധാനമില്ലെന്നും, ഉത്സവകാലങ്ങളിലും മറ്റും യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാൻ വൈകുന്നതിൽ കോടതി നേരത്തേയും തന്റെ നീരസം പ്രകടിപ്പിച്ചിരുന്നു.
ഈ ഹർജി വരുന്ന 7-ാം തീയതി വീണ്ടും പരിഗണിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

