സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിക്കും നിയന്ത്രണങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ (DYFI) രംഗത്തെത്തി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ കെ.എസ്.ഇ.ബി (KSEB) ഓഫീസുകളിലേക്ക് പ്രവർത്തകർ ചൂട്ടു കത്തിച്ച് മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളടങ്ങിയ ബാനറുകൾ പ്രവർത്തകർ കത്തിച്ചു.
കഴിഞ്ഞ ദിവസം പട്ടത്തെ കെ.എസ്.ഇ.ബി ആസ്ഥാനത്ത് എത്തി ഇരുട്ടത്തിരുന്ന് മെഴുകുതിരി കത്തിച്ച് പഠിക്കുന്ന രീതിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിന് മുന്നിൽ നിന്ന് ആരംഭിച്ച് കന്റോൺമെന്റ് കെ.എസ്.ഇ.ബി ഓഫീസിലേക്കാണ് ഇന്നത്തെ മാർച്ച് നടത്തിയത്.
സംഘടനയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ മാർച്ചിൽ സജീവമായി പങ്കെടുത്തു. വൈദ്യുതി തടസ്സത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്.
അതിനിടെ, സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദ്ദേശങ്ങൾ നൽകി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ചീഫ് സെക്രട്ടറിയുമായും കെ.എസ്.ഇ.ബി ചെയർമാനുമായും ചർച്ച നടത്തി.
ഇന്നലെ മാത്രം സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ 700 മുതൽ 900 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയത്. വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് ഉയർന്ന ആവശ്യകത 5024 മെഗാവാട്ട് ആയിരുന്നു.
ആകെ ഉപഭോഗം 96.02 ദശലക്ഷം യൂണിറ്റിലെക്കും ഇന്നലെ എത്തിച്ചേർന്നു. ആഭ്യന്തര ഉത്പാദനത്തിലെ കുറവും പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതുമാണ് പ്രതിസന്ധി കൂടുതൽ വഷളാക്കുന്നത്.
അതേസമയം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന സമയം മുൻകൂട്ടി ഉപയോക്താക്കളെ അറിയിക്കാനുള്ള സംവിധാനം ഇന്ന് മുതൽ നിലവിൽ വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

