തിരുവനന്തപുരം: സംസ്ഥാനത്ത് എം പോക്സ് രോഗബാധ റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ഇതുവരെ എട്ടുപേർക്കാണ് സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഈ മാസം ആദ്യമായാണ് എം പോക്സ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും വർധിച്ചു വരികയാണ്.
ഇന്ന് മാത്രം 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് (9), തൃശൂർ (3), തിരുവനന്തപുരം (2), കണ്ണൂർ (2), കൊല്ലം (1), എറണാകുളം (1), മലപ്പുറം (1) എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകൾ.
ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 110 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ഇതുവരെ ആകെ 186 പേർക്ക് ഷിഗെല്ല ബാധിച്ചിട്ടുണ്ട്.
നിലവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), കണ്ണൂർ (7), ഇടുക്കി (3), എറണാകുളം (2) എന്നിവിടങ്ങളിലും ഈ മാസം രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ ഡെങ്കിപ്പനി വ്യാപനവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്ന് 68 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.
തൃശൂർ നാട്ടികയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരണപ്പെട്ടു. ഇതിനുപുറമെ, ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

