മുൻ സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് ബോഡിബിൽഡർ ഷിനു ചൊവ്വയ്ക്ക് നൽകിയ സബ് ഇൻസ്പെക്ടർ (എസ്ഐ) നിയമനം റദ്ദാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നു. ഇതിന്റെ പ്രാഥമിക ഘട്ടമായി, നിലവിൽ നടന്നുവരുന്ന ഷിനു ചൊവ്വയുടെ പരിശീലനം അടിയന്തരമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
ഭരണമാറ്റത്തിന് തൊട്ടുമുൻപ് സർവീസിൽ പ്രവേശിപ്പിച്ച ഇദ്ദേഹം പരിശീലനം തുടരുന്നതിനിടെയാണ് ഇപ്പോൾ പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നീ കായിക താരങ്ങൾക്ക് എസ്ഐ പദവി നൽകിയ നടപടി നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇവർക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതുകൊണ്ടാണ് നിയമനം നൽകിയതെന്ന ആരോപണം ശക്തമായിരുന്നു. പിഎസ്സി വഴിയുള്ള നിയമന നടപടികളെ മറികടന്ന് ഇരുവർക്കും പദവി നൽകാൻ ശ്രമിച്ചെങ്കിലും, ഇവർ ശാരീരികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു.
നിയമനത്തിലെ ക്രമക്കേടുകൾക്കെതിരെ ഉന്നത ഉദ്യോഗസ്ഥർ വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും, അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെത്തുടർന്ന് ഉദ്യോഗസ്ഥർ വഴങ്ങുകയായിരുന്നു. ഇതിനെത്തുടർന്ന്, കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് അന്നത്തെ ഡിജിപി റാവാഡ എ.ചന്ദ്രശേഖർ ഉത്തരവിറക്കിയിരുന്നു.
ഒരു വർഷത്തെ പരിശീലനത്തിന് ശേഷം നിയമനം നൽകാനായിരുന്നു തീരുമാനം. ബോഡി ബിൽഡർമാർക്ക് ഓട്ടമത്സരം നിർബന്ധമില്ലെന്നും, പ്രത്യേക സാഹചര്യത്തിലാണ് നിയമനം നൽകുന്നതെന്നുമാണ് അന്നത്തെ എഡിജിപി എസ്.ശ്രീജിത്ത് വിശദീകരിച്ചിരുന്നത്.
എന്നാൽ, നിലവിലെ സർക്കാർ ഈ നടപടി നിയമവിരുദ്ധമാണെന്ന് കണ്ട് നിയമനം റദ്ദാക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

