കൊല്ലം ജില്ലയിലെ മയ്യനാടിൽ പുതുതായി പ്രവർത്തനമാരംഭിക്കാൻ തയ്യാറെടുക്കുന്ന പ്ലാസ്റ്റിക് നിർമാണ യൂണിറ്റിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്. പുല്ലിച്ചിറ കക്കാക്കടവിൽ ആരംഭിക്കുന്ന പിവിസി പൈപ്പ് നിർമാണ കമ്പനിക്കെതിരെയാണ് ജനങ്ങളുടെ ശക്തമായ എതിർപ്പ് ഉയർന്നിരിക്കുന്നത്.
പ്രസിദ്ധമായ പരവൂർ കായലിനോട് ചേർന്നു കിടക്കുന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശം തണ്ണീർത്തടം നികത്തിയാണ് ഫാക്ടറിക്കായി തയ്യാറാക്കിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകൾ പൂർണ്ണമായും മലിനപ്പെടുമെന്ന ആശങ്കയും ജനങ്ങൾ പങ്കുവെക്കുന്നുണ്ട്.
കൂടാതെ, പിവിസി പൈപ്പ് നിർമാണ കമ്പനിക്ക് പഞ്ചായത്ത് ഭരണസമിതി ലൈസൻസ് അനുവദിച്ചതിൽ വ്യാപകമായ അപാകതകളുണ്ടെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ, എല്ലാവിധ നിയമവ്യവസ്ഥകളും പാലിച്ചാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് ഉടമയുടെ വാദം.
നിയമം അനുശാസിക്കുന്ന മുഴുവൻ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സ്ഥാപന ഉടമ വ്യക്തമാക്കിയിട്ടുണ്ട്.
നൂറുകണക്കിന് ജനവാസ മേഖലയായ ഇവിടെ, പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

