സാമൂഹിക മാധ്യമങ്ങളും വിവാഹാലോചന സൈറ്റുകളും കേന്ദ്രീകരിച്ച് വിവാഹമോചിതരായ സ്ത്രീകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ ഷിബിലി (30) ആണ് കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷന്റെ പിടിയിലായത്.
കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാൾ സ്ത്രീകൾക്ക് മേൽ സ്വാധീനം ചെലുത്തി പണം തട്ടിയെടുത്തത്. കൊടിയത്തൂർ സ്വദേശിനിയായ, വിവാഹമോചിതയായ സ്കൂൾ അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഈ അധ്യാപികയിൽ നിന്നുമാത്രം 4,85,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. വിവാഹ വെബ്സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിക്കുകയും സോഷ്യൽ മീഡിയ വഴിയുമാണ് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്.
പ്രധാനമായും വിവാഹമോചനം നേടിയ യുവതികളെയാണ് ഷിബിലി ലക്ഷ്യമിട്ടിരുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടുകയും, തുക ലഭിച്ച ശേഷം മുങ്ങുകയുമാണ് ഇയാളുടെ പതിവ് രീതി.
മഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ റിമാൻഡിലായി പെരിന്തൽമണ്ണ സബ് ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ മുക്കം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി സമാനമായ നാല് കേസുകളിൽ കൂടി പ്രതിയാണ് ഷിബിലി.
പ്രാഥമിക അന്വേഷണത്തിൽ ഏകദേശം 85 ലക്ഷം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ സംഭവത്തിൽ കൂടുതൽ ഇരകൾ മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

