കാഞ്ഞങ്ങാട്∙ ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ കെ.മുരളീധരൻ നയിക്കുന്ന വിശ്വാസസംരക്ഷണ യാത്രയുടെ മലബാർ മേഖലാ പര്യടനത്തിനു കാഞ്ഞങ്ങാട്ട് തുടക്കമായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെ.മുരളീധരനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവന്നപ്പോഴാണ് പിണറായിക്ക് അയ്യപ്പഭക്തി വന്നതെന്ന് സതീശൻ പരിഹസിച്ചു.
അതിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്.
കഴിഞ്ഞ ഒൻപതര വർഷമായി ശബരിമലയിൽ ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ മാസ്റ്റർ പ്ലാൻ പറയുന്നത്. ലോകത്തെ ലക്ഷക്കണക്കിന് ഭക്തരുടെ വികാരമാണ് ശബരിമല.
അവിടെയാണ് ഇതുപോലൊരു കൊള്ള നടന്നത്. ഇത് രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ്.
മന്ത്രി വി.എൻ.വാസവൻ രാജി വയ്ക്കണം – സതീശൻ ആവശ്യപ്പെട്ടു. സ്വർണക്കവർച്ച സിബിഐ അന്വേഷിക്കണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ എന്തു കണ്ടുപിടിച്ചാലും റിപ്പോർട്ട് നൽകാനുള്ള ധൈര്യമുണ്ടാകില്ല.
സ്വർണം ചെമ്പാക്കിയ സംഭവത്തിൽ നൊബേൽ സമ്മാനം പിണറായിക്ക് നൽകണം.
കൊണ്ടു പോയപ്പോൾ സ്വർണപ്പാളി. ചെന്നൈയിൽ എത്തിയപ്പോൾ ചെമ്പുപാളി.
ഈ മാജിക് എങ്ങനെയാണ് നടക്കുന്നത്. സ്വർണം കട്ടവരുടെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നെങ്കിൽ അതിന്റെ ശാപം കൂടി കിട്ടിയേനെ.
അയ്യപ്പ സംഗമം എട്ടുനിലയിലാണ് പൊട്ടിയത്. സംഗമത്തിന് പിന്നാലെയാണ് സ്വർണക്കൊള്ള പുറത്ത് വന്നത്. സ്വർണക്കവർച്ച പുറത്തുകൊണ്ടുവന്നത് ഹൈക്കോടതിയാണ്.
അയ്യപ്പന്റെ സ്വത്ത് തൊട്ടാൽ തൊട്ടവന്റെ കൈപൊള്ളും.
പല അനുഭവങ്ങളും പലർക്കുമുണ്ടായിട്ടുണ്ട്. കാഴ്ച പോയിട്ടുണ്ട്.
കൈയ്ക്കും കാലുകൾക്ക് ബുദ്ധിമുട്ട് വന്നിട്ടുണ്ട്. ഇപ്പോൾ മുഖ്യമന്ത്രിക്കും അൽപം ചിത്തഭ്രമം ബാധിച്ചിട്ടുണ്ട്’ – കെ.മുരളീധരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു.
ജാഥ ഉപനായകൻ ടി.സിദ്ദിഖ് എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജാഥാ മാനേജർ പി.എം.നിയാസ്, രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
മറ്റ് മേഖലാ ജാഥകൾ
∙ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയുടെ സാന്നിധ്യത്തിൽ പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. എം.വിൻസെന്റ് എംഎൽഎ വൈസ് ക്യാപ്റ്റനായ ജാഥയുടെ കോഓർഡിനേറ്റർ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവാണ്.
∙ കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന മേഖലാ യാത്ര പാലക്കാട് തൃത്താലയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ എംപി ടി.എൻ.പ്രതാപനാണ് യാത്രയുടെ വൈസ് ക്യാപ്റ്റൻ.
∙ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബഹനാൻ എംപി നയിക്കുന്ന മേഖലാജാഥ ഇന്ന് എറണാകുളം മൂവാറ്റുപുഴയിൽ നിന്ന് ആരംഭിക്കും.
സർക്കാരിനെതിരെ ആഞ്ഞടിച്ചും സദസ്സിനെ കയ്യിലെടുത്തും നേതാക്കൾ
കാഞ്ഞങ്ങാട് ∙ ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ കെപിസിസി നടത്തിയ വിശ്വാസ സംരക്ഷണയാത്രയുടെ കാഞ്ഞങ്ങാട് പൈതൃക ചത്വര വേദിയിലെ ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി. നേതാക്കൾ ഭരണപക്ഷത്തെ നർമത്തിൽ പൊതിഞ്ഞ് ആക്രമിച്ചപ്പോൾ നിറഞ്ഞ കയ്യടി നൽകി സദസ്സ് കൂടെ നിന്നു.
രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ തന്റെ പ്രസംഗത്തിലൂടെ സർക്കാരിനെതിരെ ആഞ്ഞടിച്ച് തുടക്കം കുറിച്ചു. പിന്നാലെ പ്രസംഗിച്ച കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും തന്റെ പ്രസംഗത്തിലൂടെ സദസ്സിനെ കയ്യിലെടുത്തു.
അപ്പോഴേക്കും തുറന്ന വാഹനത്തിൽ താളമേള അകമ്പടിയോടെ ജാഥനായകൻ കെ.മുരളീധരനെയും ഉപനായകൻ ടി.സിദ്ദിഖിനെയും വേദിയിലെത്തിച്ചു.
തുടർന്നു ടി.സിദ്ദിഖിന്റെ ഊഴമായിരുന്നു. വിശ്വാസികൾക്ക് പ്രശ്നം വന്നപ്പോൾ അവരുടെ കൂടെനിന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയെ തൊട്ടവരാരും ഗതി പിടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ യാത്രാനായകൻ കെ.മുരളീധരൻ തന്നെ പ്രസംഗിക്കാനെത്തി.
സ്വതസിദ്ധമായ ശൈലിയിൽ സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
മുരളീധരൻ പ്രസംഗിച്ചു കൊണ്ടിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെത്തി. മുരളീധരന്റെ പ്രസംഗം തീർന്നപ്പോൾ വി.ഡി.സതീശന്റെ ഊഴമായി.
സർക്കാരിനെതിരെയും ദേവസ്വം ബോർഡിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. വേദിയിലെത്തിയ വി.ഡി.സതീശനെയും കെ.വി.മുരളീധരനെയും ടി.സിദ്ദിഖിനെയും രാജ്മോഹൻ ഉണ്ണിത്താൻ എംപിയെയും മാലയിട്ടാണ് സ്വീകരിച്ചത്. പരിപാടി കഴിഞ്ഞപ്പോൾ സദസ്സിൽ നിന്നു പ്രായമായ സ്ത്രീ വേദിയിലെത്തി മുരളീധരനെയും വി.ഡി.സതീശനെയും തലയിൽ കൈവച്ച് അനുഗ്രഹിച്ചതും വേറിട്ട
കാഴ്ചയായി. ഉച്ചയ്ക്ക് 2ന് യാത്രാ വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലാ അതിർത്തിയായ കാലിക്കടവിലേക്ക് പുറപ്പെട്ടു.
നേതാക്കളായ ഇബ്രാഹിം കുട്ടി കല്ലാർ, എ.ഗോവിന്ദൻ നായർ, രമേശൻ കരുവാച്ചേരി, ബാലകൃഷ്ണൻ പെരിയ, കെ.നീലകണ്ഠൻ, എം.അസൈനാർ, എം.സി.പ്രഭാകരൻ, പി.വി.സുരേഷ്, കരിമ്പിൽ കൃഷ്ണൻ, ദിനേശ് മണി, കെ.വി.ഗംഗാധരൻ, മീനാക്ഷി ബാലകൃഷ്ണൻ, എ.ഗോവിന്ദൻ നായർ, സാജിദ് മൗവ്വൽ, പി.ജി.ദേവ്, ബി.പി.പ്രദീപ് കുമാർ, ജയിംസ് പന്തമാക്കൽ, സോമശേഖര ഷേണി, ടോമി പ്ലാച്ചേരി, കെ.വി.സുധാകരൻ, കെ.പി.പ്രകാശൻ, മാമുനി വിജയൻ, കെ.കെ.രാജേന്ദ്രൻ, ഹരീഷ് പി.നായർ, സുന്ദര ആരിക്കാടി, എം.കുഞ്ഞമ്പു നമ്പ്യാർ, ഗീതാ കൃഷ്ണൻ, ധന്യ സുരേഷ്, ഹരീഷ് പി.നായർ, വി.ആർ.വിദ്യാസാഗർ, വി.കമ്മാരൻ, ബഷീർ വെള്ളിക്കോത്ത്, മധുസൂദനൻ ബാലൂർ, ഉമേശൻ വേളൂർ, ജോയ് ജോസഫ്, കെ.വി.വിജയൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, കെ.വി.ഭക്ത വത്സലൻ, എം.രാജീവൻ നമ്പ്യാർ, വി.ഗോപകുമാർ, ഡി.എം.കെ.മുഹമ്മദ്, പവിത്രൻ സി.നായർ, കാർത്തികേയൻ പെരിയ, മിനി ചന്ദ്രൻ, കെ.കെ.ബാബു, എ.വാസുദേവൻ, എം.വി.ഉദ്ദേശ് കുമാർ, ബഷീർ ആറങ്ങാടി, പി.രാമചന്ദ്രൻ, പി.പി.കുഞ്ഞമ്പു എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

