മലമ്പുഴ അകമലവാരം കൊല്ലങ്കുന്ന് വെള്ളെഴുത്താൻപൊറ്റ ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അകമലവാരം കൊല്ലങ്കുന്ന് വെള്ളെഴുത്താൻപൊറ്റ ഉന്നതിയിലെ ശങ്കരന്റെ മകൻ ചന്ദ്രൻ (56) ആണ് മരിച്ചത്.
കടുത്ത ചൂടിനെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ നാലോടെ വീടിനു പുറത്തു മരച്ചുവട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. മലമ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക അറ്റൻഡറായിരുന്നു ചന്ദ്രൻ.
വീട്ടിൽ ഫാൻ ഇല്ലാത്തതിനാൽ ചൂടിൽ നിന്നു ആശ്വാസം തേടിയാണ് ചന്ദ്രനും സഹോദരി മീനാക്ഷിയും ഭർത്താവ് മാധവനും വീടിനു വെളിയിൽ പായ വിരിച്ചു കിടന്നുറങ്ങിയത്. ഇതിനിടയിൽ പ്രദേശത്തെ സൗരോർജവേലി തകർത്ത് കാട്ടാന അവിടേക്ക് എത്തുകയായിരുന്നു.
ആനയുടെ ചിന്നംവിളിയും ചന്ദ്രന്റെ നിലവിളിയും കേട്ടാണ് സഹോദരിയും ഭർത്താവും ഉണർന്നത്. ചന്ദ്രനെ തുമ്പിക്കയ്യിൽ കോർത്തു ആന ചുഴറ്റിയെറിയുന്നതാണ് ഇരുവരും കണ്ടത്.
ഏകദേശം 30 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണ ചന്ദ്രൻ സമീപത്തെ മരത്തിൽ തലയടിച്ചു വീണു. തുടർന്ന് ആന ചന്ദ്രനെ ചവിട്ടുകയും ചെയ്തു.
മീനാക്ഷിയെയും മാധവനെയും ആക്രമിക്കാൻ ആന ശ്രമിച്ചെങ്കിലും ഇരുവരും ഓടിമാറി മരത്തിന്റെ മറവിൽ ഒളിച്ചു. ഭയന്നോടുന്നതിനിടെ ഇവർക്കും വീണു പരുക്കേറ്റു.
സംഭവസ്ഥലത്ത് നിന്ന് ആന പിന്മാറിയ ശേഷം, ബന്ധുക്കളും പഞ്ചായത്ത് അംഗവും വനം ഉദ്യോഗസ്ഥരും ചേർന്ന് ചന്ദ്രനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ: ലക്ഷ്മി. മക്കൾ: സുമ, സുമേഷ്.
പ്രദേശത്ത് വർഷങ്ങളായി സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികൾ അറ്റകുറ്റപ്പണിയില്ലാതെ പ്രവർത്തനരഹിതമാണ്. ഫണ്ട് ലഭ്യതക്കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൊല്ലങ്കുന്നിൽ മുൻപും കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നി, പുലി തുടങ്ങിയ വന്യജീവികളുടെ ശല്യവും രൂക്ഷമാണ്.
ചന്ദ്രന്റെ വീടിനു സമീപം കരടിയെ കണ്ടതായും നാട്ടുകാർ പറയുന്നു. അതേസമയം, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട
ചന്ദ്രന്റെ കുടുംബത്തിന് സർക്കാർ സഹായത്തിന്റെ ആദ്യ ഗഡുവായ 5 ലക്ഷം രൂപയുടെ ചെക്ക് എ.പ്രഭാകരൻ എംഎൽഎയും ഒലവക്കോട് റേഞ്ച് ഓഫിസർ കെ.കൃഷ്ണപ്രസാദും ചേർന്ന് കൈമാറി. ബാക്കി തുക ഉടൻ നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 66 പേർക്ക് ജീവൻ നഷ്ടമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചക്കയും മാങ്ങയും തേടി കാട്ടാനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ പഴങ്ങൾ പറിച്ചു സൂക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

