വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണികൾക്കെതിരായ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ ഒളിവിൽ കഴിയുന്ന സഹോദരന്മാരിൽ ഇളയവനായ രാജേഷ്, തട്ടിപ്പുകൾക്ക് മറയാകാൻ വാടകവീട് ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
അരൂരിലെ ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന രാജേഷിന് നെട്ടൂരിൽ ലേഡീസ് സ്റ്റോറും, ഏഴിലേറെ വീടുകളും ആഡംബരക്കാറുകളും സ്വന്തമായുണ്ടെന്ന് കണ്ടെത്തിയതോടെ ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ പരിശോധന ആരംഭിച്ചു. ആളുകൾക്ക് സംശയം തോന്നാതിരിക്കാനും പ്രാദേശികമായി സ്വാധീനം ഉറപ്പിക്കാനും വേണ്ടിയാണ് ഇയാൾ വാടകവീട് കേന്ദ്രീകരിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പൊലീസ് എത്തിയപ്പോൾ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെട്ട രാജേഷും സഹോദരൻ രമേശും, ആലപ്പുഴ ജില്ലയുടെ തീരദേശ-കാർഷിക മേഖലകൾ കേന്ദ്രീകരിച്ച് നിർധനരായ ആളുകളെ പണം നൽകി വശംവദരാക്കി അവയവദാനത്തിന് പ്രേരിപ്പിച്ചിരുന്നതായാണ് വിവരം.
രാജേഷിന് കീഴിൽ ഒട്ടേറെ സബ് ഏജന്റുമാർ പ്രവർത്തിക്കുന്നതായും, അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നവരെ നേരിടാൻ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ചിരുന്നതായും നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, സിറ്റി പൊലീസ് അന്വേഷണം ഇരുപതിലേറെ പേരിലേക്ക് വ്യാപിപ്പിച്ചു.
മുഖ്യപ്രതി കല്ലട്ര നജീബിന്റെ ഡയറിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പട്ടിക തയ്യാറാക്കി അന്വേഷണം പുരോഗമിക്കുന്നത്. സിറ്റി ഡിസിപി കെ.എസ്.
ഷെഹൻഷായുടെ നേതൃത്വത്തിലുള്ള 14 അംഗ പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല. നിലവിൽ റൂറൽ പൊലീസ് കസ്റ്റഡിയിലുള്ള നജീബിനെയും ഭാര്യ റഷീദയെയും ഉടൻ തന്നെ സിറ്റി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കേസിൽ നിർണായക കണ്ണിയായ ഇടനിലക്കാരൻ ആലപ്പുഴ പുന്നമടയിൽ നിന്ന് പിടിയിലായി. ഇടുക്കി മറയൂർ സ്വദേശി ഡെബിൻ ജോസഫിനെ (38) അമ്പലമേട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
പുന്നമടയിൽ ഹോംസ്റ്റേയും സ്പായുമടത്തിയിരുന്ന ഇയാൾ, നജീബിന്റെ വീട്ടിൽനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കുടുങ്ങിയത്. വൃക്ക ആവശ്യക്കാരെയും ദാതാക്കളെയും ബന്ധിപ്പിക്കുന്നതിനൊപ്പം, വ്യാജരേഖകൾ ചമച്ച് മെഡിക്കൽ ബോർഡിനു മുന്നിൽ ആൾമാറാട്ടം നടത്തി എട്ടോളം പേരെ ഹാജരാക്കിയതായും പൊലീസ് സ്ഥിരീകരിച്ചു.
ഇയാൾ വിനോദസഞ്ചാരികൾക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

