കേരള ക്രിക്കറ്റ് ലീഗിലെ (കെസിഎൽ) അതിനിർണ്ണായകമായ പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയിലേഴ്സ് തങ്ങളുടെ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി നിർത്തി. മത്സരത്തിൽ കാലിക്കറ്റ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം, 16 പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം മറികടന്നത്.
ഈ വിജയത്തോടെ വ്യാഴാഴ്ച നടക്കുന്ന കാലിക്കറ്റ് – ട്രിവാൻഡ്രം മത്സരം ടൂർണമെന്റിലെ ഏറ്റവും നിർണ്ണായക ഘട്ടമായി മാറി. നിലവിൽ കൊല്ലത്തിന് ഒൻപതും കാലിക്കറ്റിന് എട്ടും പോയിന്റാണുള്ളത്.
ട്രിവാൺഡ്രത്തിനെതിരെ കാലിക്കറ്റ് വിജയിച്ചാൽ കൊല്ലത്തെ പിന്തള്ളി അവർ സെമിയിലേക്ക് മുന്നേറും. എന്നാൽ കാലിക്കറ്റ് തോൽക്കുകയാണെങ്കിൽ അത് കൊല്ലത്തിന് സെമിയിലേക്കുള്ള വഴി തുറക്കും.
സ്കോർ വിവരങ്ങൾ:
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 175/4.
ഏരീസ് കൊല്ലം സെയിലേഴ്സ് – 17.2 ഓവറിൽ 179/4. വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ കാലിക്കറ്റിന്റെ തുടക്കം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.
ടീമിന്റെ ബാറ്റിങ് നെടുംതൂണായ രോഹൻ കുന്നുമ്മൽ 12 റൺസുമായി മടങ്ങി. ക്രീസിൽ നിലയുറപ്പിക്കും മുൻപ് അഖിൽ സ്കറിയയും കെ.
എസ്. അരവിന്ദും പുറത്തായതോടെ ടീം കടുത്ത പ്രതിരോധത്തിലായി.
ഇരുവരെയും ഒരേ ഓവറിലാണ് മുഹമ്മദ് ഇഷാഖ് പുറത്താക്കിയത്. മറുവശത്ത് ചെറുത്തുനിൽപ്പിന് ശ്രമിച്ച വരുൺ നായനാർ കൂടി മടങ്ങിയതോടെ 10.3 ഓവറിൽ 4 വിക്കറ്റിന് 65 റൺസ് എന്ന നിലയിലേക്ക് കാലിക്കറ്റ് കൂപ്പുകുത്തി.
എന്നാൽ പ്രതിസന്ധിഘട്ടത്തിൽ ക്രീസൊന്നിച്ച സൽമാൻ നിസാർ – അബ്ദുൾ ബാസിദ് സഖ്യം കാലിക്കറ്റിന് രക്ഷകരായി മാറുകയായിരുന്നു. വെറും 57 പന്തുകളിൽ നിന്ന് 110 റൺസാണ് ഈ ജോടി അടിച്ചുകൂട്ടിയത്.
ഇരുവരും 32 പന്തുകളിൽ നിന്ന് തങ്ങളുടെ അർദ്ധശതകം തികച്ചു. 39 പന്തുകളിൽ നിന്ന് ഒരു ഫോറും ആറ് സിക്സുമടക്കം 62 റൺസുമായി അബ്ദുൾ ബാസിദ് പുറത്താകാതെ നിന്നു.
32 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സും സഹിതം 50 റൺസാണ് സൽമാൻ നിസാർ നേടിയത്. വിജയ് വിശ്വനാഥ് എറിഞ്ഞ അവസാന ഓവറിൽ മാത്രം 21 റൺസാണ് ഇവർ നേടിയത്.
കൊല്ലത്തിനായി മുഹമ്മദ് ഇഷാഖ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സെയിലേഴ്സിന് രണ്ടാം ഓവറിൽ തന്നെ അഭിഷേക് ജെ.
നായരുടെ വിക്കറ്റ് നഷ്ടമായി. ഇബ്നുൽ അഫ്താബ് എറിഞ്ഞ ഉജ്ജ്വലമായൊരു ഇൻസ്വിങ്ങറിലൂടെ അഭിഷേക് ക്ലീൻ ബൗൾഡാവുകയായിരുന്നു.
കൃത്യമായ ലൈനിലും ലെങ്തിലുമായി പന്തെറിഞ്ഞ കാലിക്കറ്റ് ബൗളർമാർ കൊല്ലത്തിന്റെ റൺവേട്ടയ്ക്ക് കടിഞ്ഞാണിട്ടു. ആറാം ഓവറിൽ തുടർച്ചയായി മൂന്ന് പന്തുകൾ അതിർത്തി കടത്തിയ ആനന്ദ് കൃഷ്ണൻ അടുത്ത ഓവറിൽ പുറത്തായി.
കാലിക്കറ്റ് മത്സരത്തിൽ പിടിമുറുക്കുന്നു എന്ന് തോന്നിച്ച ഘട്ടത്തിലാണ് വത്സൽ ഗോവിന്ദും അജിനാസും ഒത്തുചേർന്നത്. ഈ കൂട്ടുകെട്ട് കളിയുടെ ഗതി പൂർണ്ണമായും മാറ്റിമറിച്ചു.
തുടക്കം മുതൽ മികച്ച ഷോട്ടുകൾ പായിച്ച അജിനാസ് ഈ സീസണിൽ തന്റെ ആദ്യ മികച്ച ഫോമിലേക്ക് ഉയർന്നപ്പോൾ കാര്യങ്ങൾ കൊല്ലത്തിന് അനുകൂലമായി. മികച്ച പിന്തുണയുമായി വത്സൽ ഗോവിന്ദും ഒപ്പമുണ്ടായിരുന്നു.
ഇരുവരും ചേർന്ന് പടുത്തുയർത്തിയ 100 റൺസിന്റെ കൂട്ടുകെട്ടാണ് കൊല്ലത്തിന്റെ വിജയം ഉറപ്പിച്ചത്. 34 പന്തുകളിൽ അഞ്ച് ഫോറും നാല് സിക്സുമടക്കം 64 റൺസുമായി അജിനാസ് പുറത്താകാതെ നിന്നു.
42 റൺസെടുത്ത വത്സൽ ഗോവിന്ദ് പുറത്തായി. കാലിക്കറ്റിനായി അഖിൻ സത്താർ രണ്ട് വിക്കറ്റ് നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

