കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അസിസ്റ്റൻ്റ് സർജൻ ഡോ. രേഖ കെ.
കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് (PHC) സ്ഥലം മാറ്റി ഉത്തരവായി. ജില്ലാ മെഡിക്കൽ ഓഫീസറുടെ (DMO) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഈ നടപടി.
ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന വേളയിൽ ഡോക്ടർ രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. “പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് തോന്നിവാസമാണ്” എന്ന രീതിയിലായിരുന്നു ഡോക്ടറുടെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു.
തുടർന്ന് ആരോഗ്യ വകുപ്പ് വിജിലൻസ് അന്വേഷണം നടത്തി കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.എം.ഒ സമർപ്പിച്ച സമഗ്ര അന്വേഷണ റിപ്പോർട്ടിലാണ് നടപടി.
ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, ഇവർക്ക് ഭാവിയിൽ തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികൾ നൽകരുതെന്നും അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

