കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത ലഹരിമരുന്നായ ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി പിടിയിലായി. 32 വയസ്സുള്ള മുഹമ്മദ് അയാത്തുൾ ആണ് 19.240 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്.
സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ എം.എം.അബ്ദുൾ കരീം, മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ യു.പി.വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് മെഡിക്കൽ കോളജ് എസ്ഐയും സംഘവും കുറ്റിക്കാട്ടൂർ കോട്ടാംപറമ്പ് റോഡിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് എത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ പ്രതി അസ്വാഭാവികമായി പെരുമാറുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ, ജീൻസിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ വിൽപനയ്ക്കായി കരുതിയ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.
ബംഗാളിൽ നിന്ന് ട്രെയിൻ മാർഗം ലഹരിമരുന്ന് കേരളത്തിൽ എത്തിച്ച്, പിന്നീട് ചെറിയ പാക്കറ്റുകളിലാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇതിനു മുൻപും പലതവണ ഇത്തരത്തിൽ ബംഗാളിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിൽപന നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
മെഡിക്കൽ കോളജ് എസ്ഐ എം.കെ. ബവിത, സിവിൽ പൊലീസ് ഓഫിസർമാരായ വൈശാഖ്, പ്രവീൺ, ഹോംഗാർഡ് അനിൽകുമാർ, ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, എഎസ്ഐ അഖിലേഷ്, സിപിഒമാരായ സുനോജ്, തൗഫീക്ക്, മുഹമ്മദ് മഷൂർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

