പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് സര്ക്കാര് പ്രഖ്യാപിച്ച അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) തീരുമാനിച്ചു. ഇന്ന് ചേർന്ന പിഎസ്സി ബോർഡ് യോഗത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യാൻ കമ്മീഷൻ തീരുമാനമെടുത്തത്.
സർക്കാരുമായി ഒരുതരത്തിലുള്ള തർക്കങ്ങളിലേക്കും പോകേണ്ടതില്ലെന്നും, അന്വേഷണസംഘം ആവശ്യപ്പെടുന്ന എല്ലാ രേഖകളും കൃത്യമായി കൈമാറുമെന്നും യോഗം വിലയിരുത്തി. ഉയർന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടത് കമ്മീഷന്റെ കൂടി ഉത്തരവാദിത്തമാണെന്നും, അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് വസ്തുതകൾ ബോധ്യപ്പെടേണ്ടതുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
അതേസമയം, കമ്മീഷൻ ചെയർമാൻ എം ആർ ബൈജുവിനെതിരെ യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. അദ്ദേഹത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ വിവാദങ്ങൾക്ക് ആക്കം കൂട്ടിയെന്ന് ഒരു വിഭാഗം അംഗങ്ങൾ ചൂണ്ടിക്കാട്ടി.
നിലവിൽ പരാതിക്കാരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. പിഎസ്സി കൈമാറുന്ന രേഖകളും മൊഴികളും പരിശോധിച്ച ശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ദിവസവും നിരവധി പരാതികളാണ് എസ്ഐടിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഏതെല്ലാം പരാതികളിൽ അന്വേഷണം വേണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇതിനുപുറമെ, പിഎസ്സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

