ആലപ്പുഴ ജില്ലയിലെ താമരക്കുളം ജങ്ഷനിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ മോഷണ പരമ്പര. താമരക്കുളം ഗ്രാമപഞ്ചായത്ത് പബ്ലിക് മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലെ നാല് കടകളാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്.
കടകളുടെ സുരക്ഷാ ഗ്രില്ലുകൾ തകർത്താണ് അക്രമികൾ അകത്തുകയറിയത്. സുരേന്ദ്രൻ പിള്ളയുടെ പലചരക്കുകട, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ചെല്ലപ്പൻ പിള്ളയുടെ അങ്ങാടിക്കട, ജനകീയ ഹോട്ടൽ, ലൈലയുടെ പെട്ടിക്കട
എന്നിവടങ്ങളിലാണ് മോഷണം നടന്നത്. ചെല്ലപ്പൻ പിള്ളയുടെ കടയുടെ ഗ്രിൽ മുറിച്ച ശേഷം, അതുവഴി തൊട്ടടുത്തുള്ള സുരേന്ദ്രൻ പിള്ളയുടെ പലചരക്കുകടയിൽ കടന്നാണ് മോഷണം നടത്തിയത്.
രണ്ട് കടകളിൽ നിന്നുമായി വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ലൈലയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയിൽ നിന്ന് ഏഴായിരത്തോളം രൂപയും സിഗരറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളും കവർന്നു.
ജനകീയ ഹോട്ടലിന്റെ പൂട്ടും മോഷ്ടാക്കൾ തകർത്തിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തോർത്തുകൊണ്ട് മുഖം മറച്ച ഒരാളെ സംഭവസ്ഥലത്തിന് സമീപം കണ്ടതായി ഇതുവഴിയെത്തിയ യാത്രക്കാരൻ വെളിപ്പെടുത്തി.
സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തി വരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

