ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ശനിയാഴ്ച രാത്രി മാഹിയിൽ യാത്ര അവസാനിപ്പിച്ചത് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയായി. പാതയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിൻ മാഹിയിൽ സർവീസ് അവസാനിപ്പിക്കുമെന്ന റെയിൽവേയുടെ അറിയിപ്പ് ശ്രദ്ധിക്കാതെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ദുരിതത്തിലായത്.
മാഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർക്ക് തുടർയാത്രയ്ക്കായി വാഹനങ്ങൾ ലഭിക്കാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. റെയിൽവേ സ്റ്റേഷൻ റോഡിലെ ഇരുട്ടിലൂടെ ഒന്നര കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ദേശീയപാതയിൽ എത്തിച്ചേരുക എന്നത് യാത്രക്കാർക്ക് ഏറെ പ്രയാസകരമായിരുന്നു.
കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ നേരം റോഡിൽ വലഞ്ഞു. പിന്നീട്, യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.
യാത്രക്കാരെ തലശ്ശേരിയിൽ തന്നെ ഇറക്കാൻ റെയിൽവേ അധികൃതർ സൗകര്യമൊരുക്കിയിരുന്നെങ്കിൽ വലിയൊരു ആശ്വാസമായേനെ എന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. രാത്രി വളരെ വൈകിയ സമയമായതിനാൽ പൊതുഗതാഗത സൗകര്യം ലഭിക്കാത്തത് യാത്രക്കാർക്ക് തിരിച്ചടിയായി.
വിവരം അറിഞ്ഞ് മാഹി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പലർക്കും തുടർയാത്രയ്ക്കുള്ള വാഹനങ്ങൾ ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

