തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ വടക്കൻ മേഖലയിലുള്ള പ്രശസ്തമായ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ ദാരുണമായി മരണപ്പെട്ടു. 63 പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
2026 ജൂലൈ 13-ന് അർധരാത്രിയിലാണ് സംഭവം നടന്നത്. ബാങ്കോക്കിലെ ഛാടുഛാക് ജില്ലയിലുള്ള ‘റോംഗ് ബീർ നാ ലാത് ഫാരോ’ (Rong Beer Na Lat Phrao) എന്ന ലൈവ് മ്യൂസിക് പബ്ബിലാണ് ദുരന്തമുണ്ടായത്.
പ്രാദേശിക സമയം രാത്രി 11.57-ഓടെയാണ് അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വാരാന്ത്യ ആഘോഷങ്ങളുടെ ഭാഗമായി നിരവധി പേരാണ് ആ സമയം പബ്ബിൽ ഉണ്ടായിരുന്നത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലം സന്ദർശിച്ച തായ്ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ സ്ഥിതിഗതികൾ വിലയിരുത്തി.
രക്ഷപ്പെട്ടവരിൽ ഒരാൾ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ: “കട്ട് ഓഫ് സ്വിച്ചിന്റെ ഭാഗത്ത് തീ കാണുകയും സെക്കന്റുകൾക്കുള്ളിൽ ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്തു.” ബാറിൽ പുക നിറഞ്ഞതോടെ പരിഭ്രാന്തരായ ആളുകൾ രക്ഷപ്പെടാനായി പിൻഭാഗത്തേക്ക് ഓടുകയായിരുന്നു. ശുചിമുറികളിലേക്ക് പുകയും തീയും വ്യാപിച്ചത് മരണനിരക്ക് ഉയരാൻ കാരണമായി.
പലരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ശുചിമുറികളിൽ നിന്നാണെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നര മണിക്കൂറിലധികം നീണ്ട
പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീയണയ്ക്കാൻ സാധിച്ചത്. അപ്പോഴേക്കും ബാർ പൂർണമായും കത്തിനശിച്ചിരുന്നു.
പബ്ബിലുണ്ടായ സ്ഫോടനങ്ങളും തീ പടരുന്നതും ദൃശ്യമാകുന്ന വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാണാതായവരുടെ കൃത്യമായ കണക്ക് ഇനിയും ലഭ്യമല്ല.
2022-ലും ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

