കേരളത്തിൽ വേനൽമഴയ്ക്ക് സമാനമായ രീതിയിൽ പരക്കെ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
കോട്ടയം, കൊല്ലം, ഇടുക്കി, കൂടാതെ എറണാകുളം ജില്ലയുടെ മലയോര മേഖലകളിലും മഴ ശക്തമായി തുടരുകയാണ്. അടുത്ത 3 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് (നിർദേശം പുറപ്പെടുവിച്ച സമയം: വൈകിട്ട് 4 മണി).
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്. നാളെയും മറ്റന്നാളുമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കൂടാതെ ഒക്ടോബർ 11, 12, 13 തീയതികളിലും ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനിടെ, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ പെയ്യുന്ന കനത്ത മഴ വലിയ തോതിൽ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
എംസി റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. അശാസ്ത്രീയമായ രീതിയിൽ ഓട
നിർമ്മിച്ചതാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്ന് നാട്ടുകാർ ശക്തമായ പരാതി ഉന്നയിക്കുന്നുണ്ട്. ജില്ലയിലെ നിലമേലിൽ ശക്തമായ ഒഴുക്കിൽ ഒരു കാർ പെട്ടുപോവുകയും ചെയ്തു.
നിലമേൽ, കുളത്തൂപ്പുഴ മേഖലകളിൽ ഇടിയോടുകൂടിയ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാതയിൽ തെന്മലയിലും എഴുകോണിലും റെയിൽവേ പുറംപോക്കിലും നിന്നിരുന്ന മരങ്ങൾ കടപുഴകി വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയിൽ തുടരുന്ന കനത്ത മഴയും വെള്ളക്കെട്ടും ജനങ്ങളെ ഏറെ വലച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

