താൻ വാഹനാപകടത്തിൽ മരിച്ചുവെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ രൂക്ഷവിമർശനവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്. തന്റെ മരണവാർത്ത അറിഞ്ഞ് ആശങ്കയോടെ സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്ന കാര്യം താൻ അറിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ പിതാവിന്റെ ആരോഗ്യസ്ഥിതിയെ ചൂണ്ടിക്കാട്ടിയാണ് അഭിലാഷ് പിള്ളയുടെ പ്രതികരണം. ബൈപാസ് സർജറി കഴിഞ്ഞ തന്റെ പിതാവ് ഇത്തരം വാർത്തകൾ കണ്ടാൽ ഉണ്ടാകാവുന്ന മാനസികാഘാതത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചു.
വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം അറിയാമെങ്കിലും അതിനോട് പ്രതികരിക്കാൻ തനിക്ക് സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെ അഭിലാഷ് പിള്ള പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: “ഇന്ന് രാവിലെ മുതൽ പല സുഹൃത്തുക്കളും, മാധ്യമപ്രവർത്തകരും വിളിച്ച് ഞാൻ സുഖമാണോ എന്ന് തിരക്കിയപ്പോഴാണ് കാര്യം മനസ്സിലായത്.
ഇന്നലെ ഞാൻ വാഹനാപകടത്തിൽ മരിച്ചു എന്ന് പലർക്കും വാർത്ത ലഭിച്ചിരുന്നു. മൂന്ന് ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം ഫോൺ ഉപയോഗം കുറവായതുകൊണ്ട് ഈ വാർത്ത ഞാൻ അറിഞ്ഞില്ല.
ഇന്ന് എറണാകുളം വെൽകെയർ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയപ്പോഴും ഞാൻ പൂർണ്ണ ആരോഗ്യവാനായിരുന്നു. വീട്ടിലിരിക്കുന്ന ബൈപാസ് സർജറി കഴിഞ്ഞ എന്റെ പിതാവ് ഈ വാർത്ത കണ്ടാൽ എന്തായിരിക്കും അവസ്ഥ? ഇത്തരം വാർത്തകളുടെ അണിയറ പ്രവർത്തകരെ അറിയാം, പക്ഷേ പ്രതികരിക്കാൻ സമയമില്ല.
എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത്. ഈശ്വരാനുഗ്രഹം കൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല.
കാര്യങ്ങൾ തിരക്കിയ എല്ലാവരോടും നന്ദി.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

