തിരുവനന്തപുരം: വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. നീണ്ട
കാലത്തെ ആവശ്യമാണിതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലുണ്ടായ എസ്കലേറ്റർ അപകടത്തെത്തുടർന്ന് മൂന്നു ദിവസത്തേക്ക് പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു.
ഇത് തിരുവനന്തപുരം സെൻട്രലിലെ അമിത തിരക്ക് കുറയ്ക്കുന്നതിനും സഹായിച്ചിരുന്നു. തമ്പാനൂർ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിന് കാരണമായത് അനിയന്ത്രിതമായ തിരക്കാണെന്നാണ് പ്രാഥമിക നിഗമനം.
സാങ്കേതിക തടസ്സങ്ങളൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ, ഇനിയും അപകടങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ പേട്ടയിൽ സ്റ്റോപ്പ് അനിവാര്യമാണ്.
എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന 16303 വഞ്ചിനാട് എക്സ്പ്രസിനെ ദിവസവും നിരവധി യാത്രക്കാരാണ് ആശ്രയിക്കുന്നത്. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രലിലെത്തുന്ന ട്രെയിനിലെ തിരക്ക് നിയന്ത്രിക്കുക പ്രായോഗികമല്ലെന്ന് സംഘടന വ്യക്തമാക്കുന്നു.
പ്രധാന ഓഫീസുകൾക്കും ആശുപത്രികൾക്കും സമീപമുള്ള പേട്ട സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാൽ സെൻട്രൽ സ്റ്റേഷനിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
കായംകുളത്ത് വഞ്ചിനാട് എക്സ്പ്രസിനെ പിടിച്ചിടുന്നത് ഒഴിവാക്കി സമയം ക്രമീകരിച്ചാൽ, 9.30-ഓടെ ട്രെയിൻ സെൻട്രലിലെത്തിക്കാൻ സാധിക്കുമെന്നും ഇത് സുരക്ഷാ ഭീഷണികൾ കുറയ്ക്കുമെന്നും ഇവർ വാദിക്കുന്നു. യാത്രക്കാരുടെ സൗകര്യങ്ങൾക്ക് റെയിൽവേ മതിയായ പരിഗണന നൽകുന്നില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം ആരോപിച്ചു.
തമ്പാനൂരിലുണ്ടായ എസ്കലേറ്റർ അപകടത്തിൽ അമ്പിളി (30), ധന്യ (42) എന്നീ യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. വഞ്ചിനാട് എക്സ്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
യാത്രക്കാർ കയറിയ ഉടൻ എസ്കലേറ്റർ പെട്ടെന്ന് പിന്നിലേക്ക് നീങ്ങിയാണ് അപകടം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

