ദുബായില്‍ വ്യാജ ഹജ്ജ് ഓഫറുകള്‍ നല്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. കുറഞ്ഞ നിരക്കിലുള്ള പാക്കേജുകള്‍ വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വ്യാജ ലിങ്കുകളും വഴിയാണ് തട്ടിപ്പ് വ്യാപകമായി നടക്കുന്നത്.
ഹജ്ജ്, ഉംറ തീര്‍ത്ഥാടനം നിര്‍വഹിക്കാന്‍ തയ്യാറെടുക്കുന്നവരെ ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ആകര്‍ഷകമായ ഓഫറുകളും ഉറപ്പായ ബുക്കിങ്ങും വാഗ്ദാനം ചെയ്താണ് സാധാരണക്കാരെ ഇവര്‍ വീഴ്ത്തുന്നത്.
കുറഞ്ഞ സമയത്തിനുള്ളില്‍ വിസയും പെര്‍മിറ്റും ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നത്. മുന്‍കൂറായി പണം കൈപ്പറ്റിയ ശേഷം ഈ സംഘം അപ്രത്യക്ഷമാവുകയാണ് പതിവ്.
തട്ടിപ്പിനായി ഉപയോഗിക്കുന്ന വ്യാജ ലിങ്കുകളും സോഷ്യല്‍ മീഡിയ പേജുകളും പിന്നീട് നീക്കം ചെയ്യപ്പെടുന്നു. കമ്പനിയുടെ പേരും ലോഗോയും റിവ്യൂകളും മാത്രം നോക്കി പണം കൈമാറരുതെന്ന് ദുബായ് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
ഔദ്യോഗികമായി അംഗീകൃതവും ലൈസന്‍സുള്ളതുമായ ഹജ്ജ്, ഉംറ ഓപ്പറേറ്റര്‍മാര്‍ വഴി മാത്രം ബുക്കിങ് നടത്താന്‍ ശ്രദ്ധിക്കണം. എത്ര ആകര്‍ഷകമായ ഓഫറാണെങ്കിലും അജ്ഞാതമോ സ്ഥിരീകരിക്കാത്തതോ ആയ സ്ഥാപനങ്ങളുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തരുത്.
തട്ടിപ്പിനിരയാകുകയോ സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

