കേവലം ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് മാത്രം നിലവിൽ യാതൊരു പ്രാധാന്യവുമില്ലാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ അത്യാധുനിക സ്കിൽ പ്രോഗ്രാമുകളിലൂടെ സജ്ജരാക്കിയാൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽ നേടാൻ പ്രാപ്തരാക്കുന്നതിനപ്പുറം അവരെ മികച്ച സംരംഭകരും ക്രിയേറ്റർമാരുമായി വളർത്തിയെടുക്കാൻ ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി ആവിഷ്കരിച്ച ‘സ്കിൽ കേരളം- എമർജിങ് ടെക്നോളജി സ്കില്ലിങ് പ്രോഗ്രാമി’ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐസിടി അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തിൽ ‘ആക്സിലറേറ്റ് കേരള’യുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സർവകലാശാലാ കാമ്പസുകൾ വെറുതെ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ഇടങ്ങളല്ലെന്ന ബോധ്യം എല്ലാവരിലും ഉണ്ടാകണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
ഇത്തരം പ്രവണതകളിൽ ഏർപ്പെടുന്നവരെ പുതിയ ജെൻ സി സമൂഹം ഒറ്റപ്പെടുത്തുമെന്നും അതിനാൽ മാറുന്ന വിദ്യാഭ്യാസ സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്തെ സർവകലാശാലകൾ പൂർണ്ണ സജ്ജമാണ്.
ഐടി മേഖലയിലെ മാറ്റങ്ങൾ ഇന്നത്തെ യുവത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സ്വന്തം കഴിവുകൾ വികസിപ്പിക്കാനുള്ള അനുകൂല സാഹചര്യങ്ങൾ സ്വന്തം നാട്ടിൽ തന്നെയുണ്ടെന്ന ആത്മവിശ്വാസം അവർക്ക് ലഭിച്ചാൽ പിന്നെ യുവാക്കളുടെ മുന്നേറ്റം തടയാനാകില്ല.
യുവജനങ്ങളുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് മാത്രമേ ഏതൊരു സർക്കാരിനും മുന്നോട്ടുപോകാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. എമേർജിങ് ടെക്നോളജി മേഖലയിലെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സർവകലാശാലകളും സർക്കാരും സംയുക്തമായി നടപ്പിലാക്കുന്ന ദൗത്യമാണ് ഈ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ ഐസിടി അക്കാദമി ഓഫ് കേരള സിഇഒ മുരളീധരന് മണ്ണിംഗല് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി റോജി എം.ജോൺ പദ്ധതിയുടെ ഔദ്യോഗിക പോർട്ടൽ പ്രകാശനം ചെയ്തു.
വ്യവസായ മേഖലയുമായി നേരിട്ട് സഹകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കേഷനാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പതിനായിരം വിദ്യാർഥികൾക്ക് 17 എമർജിങ് ടെക്നോളജി ഡൊമെയ്നുകളിലായി 70-ൽ അധികം കോഴ്സുകൾ അഭ്യസിക്കാൻ അവസരം ലഭിക്കും.
വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യാതൊരുവിധ സാമ്പത്തിക ബാധ്യതയും വരുത്താതെ, പൂർണമായും സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പരിശീലനം നൽകുന്നത്. വിദ്യാർഥികൾക്കായുള്ള പരിശീലനത്തിന് പുറമേ, അധ്യാപകർക്കായി ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം, വ്യവസായ മേഖലയുമായി കൈകോർത്തുുകൊണ്ടുള്ള ശിൽപശാലകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.
സംസ്ഥാന ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യാ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ. സിസ തോമസ്, സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഡയറക്ടർമാർ, ഡീനുകൾ, പ്രിൻസിപ്പൽമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

