എസിസി അണ്ടർ-19 ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ ആധികാരിക വിജയം. ഒമാനിലെ അൽ അമിറാത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ യുവനിര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 42.3 ഓവറിൽ 128 റൺസിന് പുറത്തായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ തുടക്കം മുതൽ മത്സരം വരുതിയിലാക്കി.
ഇന്ത്യയ്ക്കായി ഇഷാൻ സൂദും അർജുൻ രാജ്പൂതും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ യഷ്വീർ ഗൗഡ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. പത്ത് ഓവറിൽ നാല് മെയ്ഡൻ ഉൾപ്പെടെ മൂന്ന് റൺസ് മാത്രം വഴങ്ങി 18 റൺസ് വഴങ്ങിയാണ് ഇഷാൻ സൂദ് മൂന്ന് വിക്കറ്റ് നേടിയത്.
നേപ്പാൾ നിരയിൽ 43 റൺസ് നേടിയ ദർശ് സോനാറാണ് ടോപ് സ്കോറർ. ആശിഷ് ലുഹാർ (29), നീരജ് കുമാർ യാദവ് (20) എന്നിവരും ഭേദപ്പെട്ട
പ്രകടനം കാഴ്ചവെച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 43 റൺസാണ് നേപ്പാൾ സ്കോർ 100 കടത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, ഓപ്പണർമാരായ ആര്യവീർ സെവാഗിന്റെയും ലക്ഷ്യ രാജേഷ് റായ്ചന്ദാനിയുടെയും അർധസെഞ്ചുറി കരുത്തിൽ 19.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ സെവാഗ് 34 പന്തിൽ അർധസെഞ്ചുറി തികച്ച് 51 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്നു.
ഏഴ് ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 58 പന്തിൽ ഏഴ് ബൗണ്ടറികളോടെ 53 റൺസെടുത്ത ലക്ഷ്യ രാജേഷും മികച്ച പിന്തുണ നൽകി.
മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ മകനായ അൻവയ് ദ്രാവിഡിന് മത്സരത്തിൽ ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ അണ്ടർ-19 പാകിസ്ഥാനെ നേരിടും.
ഗ്രൂപ്പിലെ മൂന്നാമത്തെ ടീമായ യുഎഇക്കെതിരെ ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

