സംസ്ഥാനത്ത് എക്സൈസ് വകുപ്പ് ഊർജിതമാക്കിയിരിക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കുലശേഖരപുരം പുന്നക്കുളം ബിൻസാദ് മൻസിലിൽ മിഥിലാജ് (26) ആണ് 5.8 ഗ്രാം എംഡിഎംഎ സഹിതം പിടിയിലായത്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പ്രതിയെ പിടികൂടിയത്.
ലഹരിമരുന്ന് വിറ്റഴിച്ചതു വഴി ലഭിച്ചതാണെന്ന് സംശയിക്കുന്ന 10,000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓച്ചിറ, വവ്വാക്കാവ് മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിമരുന്ന് വിൽപന നടത്തിവന്നിരുന്ന പ്രധാന കണ്ണിയാണ് മിഥിലാജെന്ന് എക്സൈസ് വ്യക്തമാക്കി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ എക്സൈസ് ഇന്റലിജൻസിന്റെയും ഷാഡോ സംഘത്തിന്റെയും കർശന നിരീക്ഷണത്തിലായിരുന്നു.
ഇതിന്റെ തുടർച്ചയായി കുലശേഖരപുരം പുന്നക്കുളം പ്രദേശത്തുെവച്ചാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്. നേരത്തെയും വൻതോതിൽ എംഡിഎംഎയും കഞ്ചാവും കൈവശം വെച്ചതിന് മിഥിലാജിനെതിരെ പൊലീസും എക്സൈസും വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എക്സൈസ് സംഘത്തിന്റെ ഈ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജെ.ആർ. പ്രസാദ് കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ എം.മനു, പ്രിവന്റീവ് ഓഫിസർ ബി.സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എച്ച്.ചാൾസ്, ബി.എസ്.അജിത്, രജിത് കെ.പിള്ള, അൻസാർ, നിധിൻ, ഗോഡ്വിൻ സ്റ്റീഫൻ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ട്രീസ എന്നിവരും പങ്കെടുത്തു.
താലൂക്ക് പരിധിയിൽ ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു. മദ്യം, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട
വിവരങ്ങൾ നൽകേണ്ട നമ്പറുകൾ: 0476–2630831, 9400069456.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

