പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് രോഗിക്ക് നൽകിയ ഗുളിക പൊട്ടിച്ചു നോക്കിയപ്പോൾ കുഴമ്പ് രൂപത്തിൽ കണ്ടതായി പരാതി ഉയർന്നു.
ഇലന്തൂർ സ്വദേശിയായ സുനിൽ കുമാർ ആണ് സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം 27-ാം തീയതി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിയ അദ്ദേഹം ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു.
തുടർന്ന് ഡോക്ടർ കുറിച്ചു നൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വാങ്ങുകയും ചെയ്തു. ഇതിൽ ഒരു ഗുളിക അന്ന് കഴിക്കുകയും ബാക്കിയുള്ളവ സൂക്ഷിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം ഇതിൽ മറ്റൊരു ഗുളിക കഴിക്കുന്നതിനായി അലുമിനിയം ഫോയിൽ കീറി നോക്കിയപ്പോഴാണ് അത് കുഴമ്പ് രൂപത്തിലായതായി ശ്രദ്ധയിൽപ്പെട്ടത് എന്ന് സുനിൽ കുമാറിന്റെ പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ, ഈ പരാതിയിൽ യാതൊരുവിധ കഴമ്പുമില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഗുളിക കൃത്യമായ രീതിയിൽ സൂക്ഷിക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ് അവരുടെ വാദം. 2027 വരെ കാലാവധിയുള്ള ഈ ബാച്ചിൽപ്പെട്ട
ഗുളികകൾ മറ്റ് നിരവധി പേർക്കും നൽകിയിട്ടുണ്ടെങ്കിലും ആരും ഇതുവരെയും സമാനമായ പരാതി ഉന്നയിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മരുന്നുകൾ ശരിയായ താപനിലയിലും രീതിയിലും സൂക്ഷിച്ചിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

