സംസ്ഥാനത്ത് സി പി എമ്മിന്റെ ഏറ്റവും സ്വാധീനമുള്ള സംഘടനാ ഘട്ടങ്ങളിലൊന്നായ പാലക്കാട് ജില്ലയിൽ ജില്ലാ സെക്രട്ടറിയെ മാറ്റിയ നടപടി രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഭാഗീയതയുടെ കടുത്ത വെല്ലുവിളികൾ നിലനിൽക്കുമ്പോഴും തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് എപ്പോഴും കരുത്തേകിയ ജില്ലയാണ് പാലക്കാട്.
ഇത്തവണത്തെ ശക്തമായ രാഷ്ട്രീയ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ഏഴ് സീറ്റുകളിൽ എൽ ഡി എഫ് വിജയം കൈവരിച്ചിരുന്നു. കൂടാതെ, തൊട്ടുപിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റമാണ് പാർട്ടി കാഴ്ചവെച്ചത്.
ഈ നേട്ടങ്ങൾക്കിടയിലും, പെർഫോമിംഗ് സെക്രട്ടറിയായി തിളങ്ങി നിൽക്കുന്ന സമയത്ത് വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ സുരേഷ് ബാബുവിനെ അപ്രതീക്ഷിതമായി സ്ഥാനത്ത് നിന്ന് മാറ്റിയതാണ് പൊതുസമൂഹത്തിൽ വിവിധ ചോദ്യങ്ങൾക്ക് കാരണമായിരിക്കുന്നത്. പെരുമാറ്റദൂഷ്യം അടക്കമുള്ള ആരോപണങ്ങൾ പാർട്ടി നേതൃത്വം തള്ളിക്കളയുന്നുണ്ടെങ്കിലും, ഈ മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്തെന്ന ചോദ്യം ശക്തമായി നിലനിൽക്കുന്നുണ്ട്.
സാധാരണയായി ഒൻപത് വർഷം അഥവാ മൂന്ന് ടേം വരെ ജില്ലാ സെക്രട്ടറിയായി തുടരാൻ അവസരമുള്ളപ്പോഴാണ് ഈ അസാധാരണ നടപടി. സംസ്ഥാനത്ത് കനത്ത തിരിച്ചടികൾ നേരിട്ട
മറ്റ് പല ജില്ലകളിലും ജില്ലാ സെക്രട്ടറിമാർക്കെതിരെ നടപടികൾ ഉണ്ടാകാതിരിക്കുമ്പോഴാണ് പാലക്കാട്ടെ ഈ മാറ്റം. ശക്തമായ സംഘടനാ അടിത്തറയുള്ള ആലപ്പുഴയിൽ പോലും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സെക്രട്ടറിക്ക് സ്ഥാനചലനം ഉണ്ടായിരുന്നില്ല.
വിഭാഗീയത നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതും എതിർവിഭാഗങ്ങളുടെ സമ്മർദ്ദവുമാണോ ഈ മാറ്റത്തിന് കാരണമെന്ന അഭ്യൂഹങ്ങളും സജീവമാണ്. മുതിർന്ന നേതാക്കളായ എൻ എൻ കൃഷ്ണദാസ്, എം ബി രാജേഷ് തുടങ്ങിയവർക്ക് സുരേഷ് ബാബു അനഭിമതനായിരുന്നു എന്ന പ്രചാരണവും ശക്തമാണ്.
സുരേഷ് ബാബുവിന്റെ പടിയിറക്കത്തിന് പിന്നിൽ പെരുമാറ്റദൂഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടി ഔദ്യോഗികമായി കൂടുതൽ വ്യക്തത വരുത്തേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുത്തലിന്റെയും പുനസംഘടനയുടെയും ഭാഗമായി ഇതുവരെ പാർട്ടി മറ്റ് ജില്ലകളിൽ സെക്രട്ടറിമാരെ മാറ്റിയിട്ടില്ല. ഇത്തവണത്തെ സംഘടനാ മാറ്റങ്ങളുടെ പരമ്പരയിൽ പാലക്കാട്ടെ നടപടി ആദ്യത്തേതാണ്.
അതേസമയം, വലിയ തിരിച്ചടികൾ നേരിട്ട കണ്ണൂർ ജില്ലയിലും സമാനമായ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.
പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ മേഖലകളിലെ പരാജയങ്ങൾ കെ കെ രാഗേഷിന്റെ തെറ്റായ തീരുമാനങ്ങളുടെ ഫലമാണെന്ന വിമർശനങ്ങളും വിമതരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

