2027 ഏകദിന ലോകകപ്പിന് ശേഷം സ്റ്റാർ ബാറ്റർ വിരാട് കോലി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമ്പോൾ, ഇന്ത്യൻ ഏകദിന ടീമിന്റെ നിർണായകമായ മൂന്നാം നമ്പറിലേക്ക് യുവതാരം തിലക് വർമ്മ മികച്ചൊരു പകരക്കാരനാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ വ്യക്തമാക്കി. വിവിധ ബാറ്റിംഗ് പൊസിഷനുകളിൽ ഒരേപോലെ തിളങ്ങാനുള്ള തിലകിന്റെ അസാധാരണ കഴിവിനെ അദ്ദേഹം പ്രത്യേകമായി പ്രശംസിച്ചു.
ഇതിനോടകം തന്നെ ഏകദിനത്തിൽ മൂന്ന്, നാല്, അഞ്ച് എന്നീ നമ്പറുകളിലും, ടി20 ക്രിക്കറ്റിൽ വിവിധ റോളുകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ജാഫർ ഇക്കാര്യം വ്യക്തമാക്കിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ”അവന്റെ വൈവിധ്യമാർന്ന ബാറ്റിംഗ് പ്രകടനം കാണുന്നത് സന്തോഷകരമാണ്. താരം നേരത്തെ ടി20യിൽ മൂന്നാം നമ്പറിൽ സെഞ്ചുറി നേടിയിട്ടുണ്ട്, ഇപ്പോൾ അഞ്ച്, ആറ് സ്ഥാനങ്ങളിലേക്കും അത്രമേൽ മനോഹരമായി പൊരുത്തപ്പെട്ടിരിക്കുന്നു.
അതൊരു മികച്ച ഗുണമാണ്.” തിലക് വർമ്മയുടെ ഫസ്റ്റ് ക്ലാസ് റെക്കോർഡുകളും ദുലീപ് ട്രോഫിയിലെ പ്രകടനങ്ങളും ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഒരുപോലെ തിളങ്ങാൻ അവന് സാധിക്കുമെന്നതിന്റെ വ്യക്തമായ തെളിവുകളാണെന്നും ജാഫർ ചൂണ്ടിക്കാണിച്ചു. വിരാടും രോഹിതും കളം വിടുമ്പോൾ, രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി യശസ്വി ജെയ്സ്വാൾ ഓപ്പണിംഗ് സ്ഥാനത്തെത്തുമെന്നും, കോലിയുടെ വിടവിലേക്ക് ഇടംകൈയ്യൻ ബാറ്ററായ തിലക് വർമ്മ വരുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 55 നടുത്ത് ബാറ്റിംഗ് ശരാശരിയുള്ള തിലകിന് ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലേക്കും എളുപ്പത്തിൽ ഇണങ്ങിച്ചേരാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ഇതുവരെ നാല് ഏകദിനങ്ങളിൽ നിന്നായി 68 റൺസാണ് തിലക് നേടിയിട്ടുള്ളത്.
അതേസമയം, 2027 ലെ ഏകദിന ലോകകപ്പ് തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് വിരാട് കോലി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനായി ലോകകപ്പ് സ്വന്തമാക്കുക എന്നത് മാത്രമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും, അതിനായി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണെന്നും ബ്രോഡ്കാസ്റ്ററായ ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ കോലി വ്യക്തമാക്കിയിരുന്നു.
എന്നാൽ മൂന്നാം നമ്പർ ബാറ്റിംഗ് സ്ഥാനത്തേക്ക് തിലകിന് പുറമെ രുത്രാജ് ഗെയ്ക്വാദും ഓപ്പണർ ശുഭ്മാൻ ഗില്ലും ടീം മാനേജ്മെന്റിന്റെ പരിഗണനയിലുള്ള മറ്റ് പ്രധാന ഓപ്ഷനുകളാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതിനിടയിൽ യുവതാരം അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലിയിൽ വന്നുചേർന്ന മാറ്റങ്ങളെക്കുറിച്ചും വസീം ജാഫർ സംസാരിക്കുകയുണ്ടായി.
മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ സിക്സറടിക്കാൻ വെപ്രാളം കാണിക്കുന്നതിന് പകരം, ഇപ്പോൾ കൂടുതൽ പക്വതയോടെയും സാവധാനത്തിലും ക്രീസിൽ നിലയുറപ്പിച്ച് കളിക്കാൻ അഭിഷേകിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

