ടെൽ അവീവ് വിമാനത്തിൽ പൈലറ്റ് സ്മിത് മച്ഛറിനെ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ തങ്ങൾക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളെ ഇറാൻ ശക്തമായി തള്ളി. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഇത്തരം ആരോപണങ്ങളെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കിയതായി തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്രയേലും ചില യൂറോപ്യൻ രാജ്യങ്ങളും മുൻകാലങ്ങളിലും സമാനമായ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത് അവരുടെ പഴകിത്തേഞ്ഞ തന്ത്രമാണെന്നും ഇസ്മായിൽ ബഗായ് കൂട്ടിച്ചേർത്തു. പൈലറ്റിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവം ഒരു ഭീകരാക്രമണമാണെന്ന് യുഎഇ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ചെറുകോടാലി ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. വിമാനം റാഞ്ചുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും പ്രതിയുടെ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അറ്റോർണി ജനറൽ ഡോ.
ഹമദ് സെയ്ഫ് അൽ ഷംസി അറിയിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലും സഹപൈലറ്റാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
നിലവിൽ ഹമാം അൽ ഹമ്മാമിയെ യുഎഇയിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. പ്രതിയായ ഹമ്മാമിക്ക് ഓസ്ട്രേലിയയുമായുള്ള ബന്ധത്തെക്കുറിച്ച് ഓസ്ട്രേലിയൻ പൊലീസും ഇസ്രയേലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2014ൽ സ്റ്റുഡന്റ് വീസ ലഭിച്ച ഇയാൾ 2015 മുതൽ 2017 വരെ ഓസ്ട്രേലിയയിൽ പഠനം നടത്തിയിരുന്നു. തുടർന്ന് 2019ൽ ഇയാളുടെ വീസ റദ്ദാക്കുകയുണ്ടായി.
തീവ്രമായ മതനിലപാടുകളുടെ പശ്ചാത്തലത്തിൽ വിമാനം പറത്തുന്നതിൽ നിന്ന് ഒമാൻ അധികൃതർ ഇയാൾക്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നതായും സൂചനകളുണ്ട്. ഇസ്രയേലുമായി ഒമാന് നയതന്ത്ര ബന്ധങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ, ഒമാൻ പൗരനായ ഇയാൾ എങ്ങനെ ഇസ്രയേലിലേക്കുള്ള വിമാനത്തിന്റെ സഹപൈലറ്റായി മാറി എന്നതിനെക്കുറിച്ചും ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

