തൊടുപുഴ കാഞ്ഞിരമറ്റം കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ (DD) കാര്യാലയം ഞായറാഴ്ച തുറന്ന നിലയിൽ കണ്ടെത്തിയത് പരിസരവാസികളിൽ ആശങ്കയുണർത്തി. അവധി ദിവസമായിരുന്ന ഇന്നലെ വൈകുന്നേരത്തോടെയാണ് ഓഫിസിന്റെ പ്രധാന കവാടത്തിന് സമീപത്തുള്ള ചെറിയ വാതിൽ തുറന്നുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ഇതിനു പുറമെ, ഓഫിസ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വാഹനവും ലോക്ക് ചെയ്യാത്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പൊലീസിൽ വിവരം അറിയിച്ചു.
തുടർന്ന് പൊലീസ് നിർദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുറമെ നിന്ന് വാതിൽ പൂട്ടി. തിങ്കളാഴ്ച രാവിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ ഓഫിസ് ഔദ്യോഗികമായി തുറന്ന് പരിശോധന നടത്തുകയുള്ളൂവെന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വ്യക്തമാക്കി.
ഓഫിസ് പൂട്ടാൻ മറന്നതാണോ അതോ മോഷണശ്രമം നടന്നിട്ടുണ്ടോ എന്നത് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. ഓഫിസിന്റെ പ്രധാന കവാടവും ഗ്രില്ലും സുരക്ഷിതമായി പൂട്ടിയ നിലയിലാണെങ്കിലും, സാധാരണ അകത്തുനിന്ന് മാത്രം പൂട്ടുന്ന വലതുവശത്തെ ചെറിയ വാതിലാണ് തുറന്നുകിടന്നത്.
ഈ വാതിൽ വഴി അകത്തുകടന്നാൽ എത്തുന്ന ചെറിയ മുറിയിൽ നിന്നും പ്രധാന ഹാളിലേക്കുള്ള പ്രവേശന കവാടവും തുറന്ന നിലയിലായിരുന്നു. മുപ്പതോളം കംപ്യൂട്ടറുകൾ, പ്രധാന ഫയലുകൾ, പ്രിന്ററുകൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന പ്രധാന ഹാളിനും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചേംബറിനും സമീപമാണ് ഈ വാതിൽ സ്ഥിതി ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

