തന്റെ നിലപാടുകളിലെ മാറ്റത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകനും ബിഗ്ബോസ് മുൻ വിജയിയും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് തന്നെ ചതിച്ചെന്നും പണത്തിനു വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ആരോപിച്ചുകൊണ്ട് അഖിൽ മാരാർ സംഘടനയിൽ നിന്നും രാജിവെച്ചിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ നിലപാടുമാറ്റത്തെ വിമർശിച്ചും ട്രോളുകൾ പ്രചരിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് പ്രതികരണം.
മഹാത്മാഗാന്ധിയുടെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. “My aim is not to be consistent with my previous statements on a given question, but to be consistent with truth as it may present itself to me at a given moment.” – Mahathma Gandhi, “I am not at all concerned with appearing to be consistent.
In my pursuit after Truth I have discarded many ideas and learnt many new things.” – Mahathma Gandhi എന്നീ വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചത്. രാഷ്ട്രപിതാവിന്റെ ഈ വരികൾ തന്നെയാണ് തനിക്കും പറയാനുള്ളതെന്നും സാഹചര്യങ്ങൾക്കും സത്യത്തിനും അനുസരിച്ചാണ് അഭിപ്രായങ്ങൾ മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് വിഷയത്തിലായാലും സത്യത്തോടൊപ്പം മാത്രമേ നിൽക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 3 വർഷം തന്നെ സംഘിയെന്ന് വിളിച്ചവർ എന്തുകൊണ്ടാണ് താൻ ബിജെപിയിൽ ചേരാതിരുന്നതെന്ന് ചിന്തിക്കണമെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വതന്ത്ര ചിഹ്നം തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചാൽ താൻ നിലപാട് മാറ്റിയിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും തെറ്റുകളെ ചോദ്യം ചെയ്യാനുമാണ് അധികാരത്തിലേക്ക് വരാൻ ആഗ്രഹിച്ചതെന്നും, മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി ജീവിക്കുന്ന മലയാളി മനസ്സ് തനിക്കില്ലെന്നും ചതിച്ച ഒരാളുടെയും കൂടെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കാൻ കഴിയില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കി. രാഷ്ട്രീയ രംഗത്തെ മറ്റു നേതാക്കളുടെ നിലപാടുമാറ്റങ്ങളും കുറിപ്പിൽ അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സത്യത്തിന്റെ പക്ഷത്താണ് താൻ നിലകൊള്ളുന്നതെന്നും അതിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

