നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള കൗസ്തുഭം റെസ്റ്റ് ഹൗസ് മികച്ച നിലവാരത്തിലേക്ക് ഉയർന്നു. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ഈ വിശ്രമകേന്ദ്രം ഏത് സ്വകാര്യ ഹോട്ടലുകളോടും കിടപിടിക്കുന്ന രീതിയിലാണ് മാറ്റിയെടുത്തത്.
കഴിഞ്ഞ 31ന് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചെങ്കിലും റെസ്റ്റ് ഹൗസ് ഇതുവരെ ഭക്തജനങ്ങൾക്കായി തുറന്നു നൽകിയിട്ടില്ല. ജീവനക്കാരെ നിയമിക്കാത്തതും മുറികളുടെ വാടക നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമാകാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
നേരത്തെ നിരക്കുകൾ നിശ്ചയിച്ചിരുന്നെങ്കിലും, പുതിയ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തുക വളരെ കുറഞ്ഞുപോയെന്ന വിലയിരുത്തൽ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് വരുന്ന 8ന് ചേരുന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ നിരക്കുകൾ പുനർനിശ്ചയിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ആകെ 97 മുറികളാണ് ഇവിടെയുള്ളത്. ഇതിൽ 23 എണ്ണം എസി മുറികളാണ് (എല്ലാം 2 ബെഡ് മുറികൾ).
ബാക്കിയുള്ളവ നോൺ എസി മുറികളാണ്. ഇതിൽ 2 ബെഡ് നോൺ എസി റൂം 45 എണ്ണവും, 3 ബെഡ് റൂം 8 എണ്ണവും, 4 ബെഡ് റൂം 5 എണ്ണവും, 6 ബെഡ് റൂം 16 എണ്ണവും ഉൾപ്പെടുന്നു.
ആകെ 50,300 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 13.30 കോടി രൂപ ചെലവഴിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ദേവസ്വം സിവിൽ ആൻഡ് ഇലക്ട്രിക്കൽ വിഭാഗത്തിനായിരുന്നു ഇതിന്റെ മേൽനോട്ട ചുമതല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

