തൃശൂർ നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ കോടികൾ അനുവദിച്ചിട്ടും ഒരിഞ്ചുപോലും മുന്നോട്ടുപോകാതെ സ്തംഭനാവസ്ഥയിൽ. പഴയ കെട്ടിടം പൊളിച്ചു നീക്കി ഒരു വർഷം പിന്നിട്ടിട്ടും സ്റ്റാൻഡിന്റെ പുതിയ രൂപരേഖയ്ക്ക് ഇതുവരെ അന്തിമ രൂപം നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
അതേസമയം, ഗാരിജ് കം അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെ സാങ്കേതിക തടസ്സങ്ങൾ നീങ്ങിയത് മാത്രമാണ് ആശ്വാസകരമായ ഏക കാര്യം. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒന്നാംഘട്ട
നിർമാണത്തിനായി രണ്ടര കോടി രൂപയും, നവകേരള സദസ്സിൽ അനുവദിച്ച 7 കോടി രൂപയും അടക്കം വലിയൊരു തുക ഇതിനോടകം ലഭ്യമായിട്ടുണ്ട്. നഗരത്തിന്റെ പ്രധാന ഭാഗത്തുള്ള മൂന്നേകാൽ ഏക്കർ സ്ഥലത്ത് യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ സൗകര്യപ്രദമായ രീതിയിൽ അത്യാധുനിക ബസ് ടെർമിനൽ നിർമിക്കാൻ ഈ തുക പര്യാപ്തമാണ്.
എന്നാൽ കൃത്യമായ പ്ലാനോ അനുമതികളോ ഇല്ലാതെ പഴയ കെട്ടിടങ്ങൾ തിരക്കിട്ട് പൊളിച്ചു മാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നിലവിലുള്ള താത്കാലിക സംവിധാനങ്ങൾ കാരണം സ്റ്റാൻഡിൽ എത്തുന്ന ഇതര ജില്ലകളിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെയുള്ളവർ വലിയ ആശയക്കുഴപ്പത്തിലാണ്.
ബസുകൾ എത്തുന്ന സ്ഥലവും പോകുന്ന വഴികളും മനസ്സിലാകാതെ യാത്രക്കാർ വട്ടം കറങ്ങുന്ന സ്ഥിതിയാണുള്ളത്. ശക്തൻ സ്റ്റാൻഡിലെ ഒന്നാം നിലയിലാണ് നിലവിൽ ഓഫിസ് പ്രവർത്തിക്കുന്നത്.
ഇവിടെ യാത്രക്കാരുടെ പ്രാഥമികാവശ്യങ്ങൾക്കുപോലും വേണ്ടത്ര സൗകര്യങ്ങളില്ല. ശബരിമല സീസൺ പ്രതിസന്ധി അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ശബരിമല തീർഥാടന സീസണിൽ സ്വീകരിക്കേണ്ട
നടപടികളെക്കുറിച്ച് കെഎസ്ആർടിസിക്ക് ഇതുവരെ വ്യക്തമായ ധാരണയില്ല. തീർഥാടകർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുക എന്നത് പോകട്ടെ, ബസ് കാത്തുനിൽക്കാൻ പോലും പര്യാപ്തമായ സ്ഥലസൗകര്യം സ്റ്റാൻഡിൽ ലഭ്യമല്ല.
ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് അത്യാവശ്യമായ സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ ഡിപ്പോ അധികൃതർ ഏറെ ബുദ്ധിമുട്ടേണ്ടി വരും. പ്ലാനില്ലാതെ കെട്ടിടം പൊളിച്ചു കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കാൻ തീരുമാനിക്കുമ്പോൾ പുതിയ നിർമാണത്തിനുള്ള ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭ്യമായിരുന്നില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഫയൽ നീക്കത്തിന്റെ വേഗത പൂർണ്ണമായും കുറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ ജീവനക്കാരും മറ്റ് ചുമതലകളിലായി.
പുതിയ സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിട്ടിട്ടും ഫയൽ നീക്കത്തിൽ പ്രതീക്ഷിച്ച വേഗത കൈവരിക്കാൻ സാധിച്ചിട്ടില്ല. 2.5 കോടി രൂപയുടെ ആദ്യഘട്ട
പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിക്കുന്നതിന്റെ ഭാഗമായി എംഎൽഎയുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തിൽ നേരത്തെ ഉന്നതതല യോഗങ്ങൾ ചേർന്നിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

