ട്രോളിങ് നിരോധനം പിൻവലിച്ചതിനെത്തുടർന്ന് തുടക്കത്തിലുണ്ടായ മരവിപ്പിന് വിരാമമിട്ട് ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ ഇന്നലെ സജീവമായി. തങ്കശ്ശേരിയിൽ നിന്ന് കടലിൽ പോയ ബോട്ടുകൾ മത്സ്യബന്ധനത്തിനു ശേഷം ഈ ഹാർബറുകളിൽ തിരിച്ചെത്തി.
ഇന്നലെ ഉച്ചയോടെ കൂടുതൽ ചെറിയ ബോട്ടുകൾ കടലിലേക്ക് തിരിച്ചുപോയിട്ടുണ്ട്. ഇവ ഇന്ന് രാവിലെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ പ്രധാനമായും ലഭിച്ചത് കിളിമീൻ ആണ്. രാവിലെ എത്തിയ ബോട്ടുകളിലെ മീസിന് കിലോഗ്രാമിന് 230–240 രൂപ വരെ ലഭിച്ചെങ്കിലും പിന്നീട് ഇത് 180–200 രൂപയായി കുറയുകയുണ്ടായി.
ഓരോ ബോട്ടിനും 40 മുതൽ 60 കുട്ടി വരെ മത്സ്യം ലഭിച്ചു. ഒരു കുട്ടയിൽ ഏകദേശം 35–40 കിലോ മത്സ്യമാണ് ഉള്ളത്.
ചില ബോട്ടുകൾക്ക് കണവയും ഒരു ബോട്ടിന് ചെമ്മീൻ ലഭിക്കുകയുമുണ്ടായി. അവധി ദിവസമായിരുന്നിട്ടും ബോട്ടുകൾ എത്തുന്നതറിഞ്ഞ് നിരവധി പേരാണ് ഹാർബറിലേക്ക് എത്തിയത്.
കാറ്റ് ശമിക്കുകയും കടൽ ശാന്തമാവുകയും ചെയ്തതോടെയാണ് ചെറിയ ബോട്ടുകൾ ഉൾപ്പെടെയുള്ളവ മത്സ്യബന്ധനത്തിനായി വീണ്ടും പുറപ്പെട്ടത്. ചെമ്മീൻ ലക്ഷ്യമിട്ടാണ് ഇവ കടലിലേക്ക് പോയിരിക്കുന്നത്.
വൈകുന്നേരത്തോടെ വള്ളങ്ങളും മത്സ്യബന്ധനത്തിനായി കടലിലിറങ്ങി. കിളിമീനും കണവയും സമൃദ്ധമായി ലഭിക്കുമെന്ന് സൂചന ഇത്തവണ കിളിമീനും കണവയും കാര്യമായി ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പതിവിലും നേരത്തേയാണ് ഇത്തവണ കടലിൽ കണവയുടെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ വള്ളക്കാർക്ക് കഴിഞ്ഞ ആഴ്ച 2 ലക്ഷം രൂപയുടെ കണവ ലഭിച്ചിരുന്നു.
ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്ക് അടിത്തട്ട് മത്സ്യമായ കിളിമീനും ധാരാളമായി ലഭിക്കുന്നുണ്ട്. ചൂണ്ടക്കാർക്ക് 4 മുതൽ 6 കുട്ടി വരെ കിളിമീൻ കിട്ടുന്നുണ്ട്.
ബോട്ടുകൾ വീണ്ടും സജീവമാകുന്നതോടെ കണവയും കിളിമീനും തീരക്കടലിലേക്ക് എത്തു3ന്നത് വള്ളക്കാർക്ക് വലിയ നേട്ടമായി മാറും. ഇത്തവണ മത്തിയും (ചാള) കാര്യമായി ലഭിച്ചിരുന്നു.
വരും ദിവസങ്ങളിൽ ചെമ്മീനും നല്ല രീതിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഴീക്കൽ ഹാർബറിലെ സ്ഥിതിഗതികൾ അഴീക്കൽ മത്സ്യബന്ധന തുറമുഖത്തുനിന്ന് കഴിഞ്ഞ ദിവസം 400 ബോട്ടുകൾ ആണ് മത്സ്യബന്ധനത്തിനായി കടലിൽ പോയത്.
ഇന്നലെ മത്സ്യബന്ധനം പൂർത്തിയാക്കി മൂന്ന് ബോട്ടുകൾ മാത്രമാണ് തിരിച്ചെത്തിയത്. ആദ്യം എത്തിയ ബോട്ടിന് കരിക്കാടി ചെമ്മീൻ ആണ് ലഭിച്ചത്.
ഇത് കിലോഗ്രാമിന് 136 രൂപ നിരക്കിലാണ് വിൽപന നടത്തിയത്. സീസണിന്റെ ആദ്യ ദിനം മത്സ്യത്തൊഴിലാളികൾ പ്രതീക്ഷിച്ച അത്രയും വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
എങ്കിലും, പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കണവയ്ക്കായി നിരവധി ബോട്ടുകൾ ഉൾക്കടലിലേക്ക് പോയിട്ടുണ്ട്. ചില വലിയ ബോട്ടുകൾ മൂന്നും നാലും ദിവസങ്ങൾക്ക് ശേഷമേ തിരിച്ചെത്തുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

