ജില്ലയിൽ വെള്ളം പിൻവാങ്ങിയതോടെ റാന്നി മേഖലയിൽ കനത്ത നാശനഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവരുന്നു. 2018ലെ പ്രളയത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഓണക്കാലത്തിനായി കരുതിയിരുന്ന സാധനസാമഗ്രികളാണ് വെള്ളം കയറി നശിച്ചത്.
പുനലൂർ-മൂവാറ്റുപുഴ പാതയോരത്തുള്ള ഭൂരിഭാഗം കടകളുടെയും താഴത്തെ നില പൂർണ്ണമായും വെള്ളത്തിനടിയിലായി. വ്യാപാരികളിൽ പലരും ഓണക്കച്ചവടത്തിനായി വസ്ത്രങ്ങളും മലഞ്ചരക്കുകളും വാങ്ങാൻ ഇതര പ്രദേശങ്ങളിൽ പോയിരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്.
വടശേരിക്കര ഭാഗങ്ങളിൽ വെള്ളം ഉയരുന്ന വിവരം പുലർച്ചെ തന്നെ ഫോൺ വഴിയാണ് റാന്നിയിലുള്ളവർ അറിയുന്നത്. തുടർന്ന് സമീപവാസികൾ എത്തി ചില കടകളിലെ സാധനങ്ങൾ ഉയര്ന്ന സ്ഥലങ്ങളിലേക്ക് മാറ്റി.
എന്നാൽ മറ്റു പലരുടെയും കടകൾ ഇതിനകം വെള്ളത്തിൽ മുങ്ങിയിരുന്നു. ഇട്ടിയപ്പാറയിൽ തിരുവനന്തപുരം സ്വദേശി ബി.
അജിത്ത് എന്നയാളുടെ 15 ചാക്ക് നാരങ്ങയാണ് പൂർണ്ണമായി നശിച്ചത്. ഇട്ടിയപ്പാറ ടൗൺ, പേട്ട
ജക്ഷൻ, മാമ്മുക്ക്, വടശേരിക്കര എന്നീ പ്രധാന മേഖലകളിലെല്ലാം വ്യാപകമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018 ലെ പ്രളയത്തിനു ശേഷം നൂറിലധികം വ്യാപാരികൾ ഇവിടെ കച്ചവടം ഉപേക്ഷിച്ചു പോയിരുന്നു.
ദുരന്തത്തിൽ നഷ്ടപരിഹാരം നൽകുമെന്ന സർക്കാർ പ്രഖ്യാപനം ഇതുവരെ നടപ്പിലായിട്ടില്ല. ആറന്മുളയിലെ മാറ്റങ്ങൾ ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ ഇന്നലെ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സദ്യ മാത്രമാണ് നടത്തിയത്.
കനത്ത മഴയെത്തുടർന്ന് മറ്റ് വള്ളസദ്യകളെല്ലാം താൽക്കാലികമായി മാറ്റിവച്ചു. ഇന്ന് നിശ്ചയിച്ചിരുന്ന 5 വള്ളസദ്യകളിൽ മല്ലപ്പുഴശേരി പള്ളിയോടം മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
മറ്റ് വഴിപാടുകൾ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പ്രത്യേക പാസ് വഴിയുള്ള വള്ളസദ്യ പാഞ്ചജന്യം ഓഡിറ്റോറിയത്തിലായിരിക്കും നടക്കുക.
ശബരിമല ത്രിവേണിയിലും പമ്പാ മണപ്പുറത്തും നാശം പ്രളയജലം ഇറങ്ങിയതിനെ തുടർന്ന് പമ്പാ മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. നിലയ്ക്കലിനും അട്ടത്തോടിനും ഇടയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം പൂർണ്ണമായി പരിഹരിച്ചു.
ത്രിവേണി വലിയ പാലത്തിന് സമീപമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. 2018ലെ പ്രളയത്തിലും ഇവിടെ സമാനമായ രീതിയിൽ നാശം നേരിട്ടിരുന്നു.
പമ്പ, കക്കി നദികൾ സംഗമിക്കുന്ന ത്രിവേണി വലിയ പാലത്തിന് തൊട്ടുമുകളിലാണ് ജലനിരപ്പ് ഉയർന്നത്. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പടിക്കെട്ടുകൾക്കുമുകളിലൂടെ വെള്ളം കുത്തിയൊഴുക്കിൽ മണ്ണ് പൂർണ്ണമായി ഒലിച്ചുപോയി.
ചെറിയ പാലത്തിനു താഴെയുള്ള പമ്പാ മണപ്പുറത്തും സമാനമായ രീതിയിൽ ഒഴുക്ക് ശക്തമായിരുന്നു. വെള്ളി രാത്രിയോടെയാണ് ഇവിടെ നദി കരകവിഞ്ഞൊഴുകിയത്.
നിറപുത്തരി പൂജകൾക്കായി തീർഥാടകർ എത്തുമോ എന്ന ആശങ്കയ്ക്ക് ഇത് ഇടയാക്കിയിട്ടുണ്ട്. നിലവിൽ തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ഘട്ടത്തിൽ നിന്ന് 8 പടികൾ താഴെയാണ് ഇന്നലെ വൈകീട്ടത്തെ പമ്പയിലെ ജലനിരപ്പ്.
അട്ടത്തോട്ടിലെ വലിയവളവിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ റോഡിലേക്ക് വീണ കല്ലും മണ്ണും മരങ്ങളും വനപാലകരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. ദുരിതാശ്വാസ ക്യാംപുകളും കൃഷിനാശവും ജില്ലയിൽ ഇന്നലെ വൈകുന്നേരം വരെയായി ആകെ 95 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്.
ഇവിടെ 1,076 കുടുംബങ്ങളിലായി 3,568 പേരാണ് കഴിയുന്നത്. ഇതിൽ 489 പേർ കുട്ടികളാണ്.
തിരുവല്ല താലൂക്കിലെ 47 ക്യാംപുകളിൽ രണ്ട് ഗർഭിണികൾ ഉൾപ്പെടെ 1,615 പേരുണ്ട്. കോഴഞ്ചേരിയിൽ 18 ക്യാംപുകളിലായി 996 പേരും, മല്ലപ്പള്ളിയിൽ 16 ക്യാംപുകളിലായി 428 പേരും, റാന്നിയിൽ 9 ക്യാംപുകളിലായി 384 പേരും, കോന്നിയിൽ 5 ക്യാംപുകളിലായി 145 പേരുമാണ് ഉള്ളത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിൽ 22.71 ലക്ഷം രൂപയുടെ പ്രാഥമിക കൃഷിനാശമാണ് കണക്കാക്കിയിട്ടുള്ളത്. 250 കർഷകരുടെ ഉടമസ്ഥതയിലുള്ള 18.89 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.
ഏകദേശം 23,000 വാഴകൾ പൂർണ്ണമായും നശിച്ചിട്ടുണ്ട്. ഡാമുകളിൽ ആശങ്ക വേണ്ടെന്ന് വിലയിരുത്തൽ കഴിഞ്ഞ ദിവസം തുറന്നിരുന്ന മൂഴിയാർ ഡാമിന്റെ ഷട്ടർ അടച്ചു.
ഡാമുകളിലെ ജലനിരപ്പിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പരമാവധി 192.94 മീറ്റർ സംഭരണശേഷിയുള്ള മൂഴിയാർ ഡാമിൽ നിലവിൽ 187 മീറ്റർ ഉയരത്തിൽ മാത്രമാണ് വെള്ളമുള്ളത്. ഇത് സംഭരണശേഷിയുടെ 45.60 ശതമാനം മാത്രമാണ്.
പമ്പ ഡാമിൽ 35.57 ശതമാനവും, കക്കി ഡാമിൽ 44.11 ശതമാനവും വെള്ളമാണ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

