എക്സൈസ് മന്ത്രിയുടെ അനുമതിയില്ലാതെ മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത. ലൈസൻസ് നടപടികൾ അതിവേഗം പൂർത്തിയാക്കിയതിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ നീക്കം.
പുതിയ മദ്യനയം രൂപീകരിക്കുന്നത് വരെ മുൻ സർക്കാരിന്റെ കാലത്തെ ചട്ടങ്ങൾ അനുസരിച്ച് യാതൊരു നടപടികളും സ്വീകരിക്കരുതെന്ന കർശന നിർദ്ദേശത്തോടെയുള്ള സർക്കുലർ പുറത്തിറക്കാനും ആലോചന നടക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ രണ്ട് ബിയർ-വൈൻ പാർലറുകളുടെ ബാർ ലൈസൻസ് കഴിഞ്ഞ ജൂൺ മാസത്തിലാണ് പുതുക്കി നൽകിയത്.
ഇതിൽ ഒരു സ്ഥാപനത്തിന് അപേക്ഷ സമർപ്പിച്ച് തൊട്ടടുത്ത ദിവസം തന്നെ ലൈസൻസ് അനുവദിക്കുകയുണ്ടായി. കൂടാതെ പാലായിൽ കഴിഞ്ഞ സെപ്റ്റംബർ അവസാനം അപേക്ഷ നൽകിയപ്പോൾ ഒക്ടോബർ മൂന്നിന് തന്നെ ലൈസൻസ് അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
നിയമസഭാ ചോദ്യത്തിന് മറുപടി നൽകുന്നതിനായി ബാറുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനിടയിലാണ് നിലവിലെ സർക്കാരിന്റെ കാലയളവിൽ ഈ മൂന്ന് ബാർ ലൈസൻസുകൾ പുതുക്കിയ വിവരം എക്സൈസ് മന്ത്രി അറിയുന്നത്. 2014-ൽ പ്രവർത്തനം അവസാനിപ്പിച്ച ശേഷം പിന്നീട് ബിയർ-വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളാണിത്.
3 സ്റ്റാർ ഹോട്ടലുകളായി നിലവാരം ഉയർത്തിയിട്ടുണ്ടെങ്കിൽ ഇത്തരം ബാറുകൾക്ക് ലൈസൻസ് അനുവദിക്കാമെന്ന രീതിയിൽ 2017-ൽ ഇടതു സർക്കാർ ചട്ടഭേദഗതി കൊണ്ടുവന്നിരുന്നു. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് പുതുക്കി നൽകാനുള്ള അധികാരമുണ്ട്.
എന്നാൽ പുതിയ മദ്യനയം പ്രഖ്യാപിക്കാൻ ഇരിക്കെ സർക്കാർ അറിയാതെ ലൈസൻസ് നൽകിയ ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ. സതീഷ്, ഷിബു പി.എൽ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
വിരമിച്ച ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ശക്തമായ ഇടപെടലുകളെ തുടർന്നാണ് ലൈസൻസ് ഇത്രയും വേഗത്തിൽ പുതുക്കി നൽകിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യതകൾ തേടുന്നത്. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ ശേഷം ജോയിന്റ് കമ്മീഷണർ വരെയുള്ള ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർക്കാൻ ആലോചനയുണ്ട്.
ഇതിനിടെ, വിവാദമായ ലൈസൻസുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് പുതുക്കി നൽകാൻ നൽകിയിട്ടുള്ള അധികാരം പിൻവലിക്കുന്നതിനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്.
നിലവിലെ നടപടികൾ ചട്ടപ്രകാരമാണെന്ന് കാണിച്ച് എക്സൈസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കൊണ്ടാണ് മന്ത്രിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുന്നത്. നിലവിൽ പുതിയ ബാറുകൾക്കായി 29 അപേക്ഷകളാണ് എക്സൈസ് വകുപ്പിന്റെ മുൻപാകെ കെട്ടിക്കിടക്കുന്നത്.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ അപേക്ഷകളിൽ തീരുമാനമെടുക്കരുതെന്ന് കമ്മീഷണർക്ക് കർശന നിർദ്ദേശം നൽകിയിരുന്നതായി മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ, ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കുന്നതിനുള്ള ലൈസൻസ് നൽകിയ വിവരവും മന്ത്രിയെ അറിയിച്ചിരുന്നില്ല.
ഈ സംഭവത്തിൽ അബ്കാരി ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണറെ മന്ത്രിയുടെ നിർദ്ദേശപ്രകാരം നേരത്തെ മാറ്റിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

