റെയിൽവേയുടെ ഗുരുതര വീഴ്ചയെ തുടർന്ന് യാത്രാസമയത്തിൽ വന്ന വലിയ മാറ്റങ്ങളും നഷ്ടങ്ങളും കാരണം കാഞ്ഞങ്ങാട്ടുനിന്നുള്ള യുവ എൻജിനീയറും സംരംഭകനുമായ സുഹാസ് കൃഷ്ണൻ നിയമനടടികളിേക്ക്. ട്രെയിൻ സർവീസ് എട്ട് മണിക്കൂറോളം വൈകിയതുമൂലം കനത്ത നഷ്ടമാണ് ഇദ്ദേഹത്തിന് നേരിടേണ്ടിവന്നത്.
സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. കഴിഞ്ഞ 28-ാം തീയതിയായിരുന്നു മംഗളൂരു ജംക്ഷനിൽ നിന്ന് മുംബൈയിലേക്കുള്ള സിഎസ്എംടി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യേണ്ടിയിരുന്നത്.
മാവുങ്കാൽ സ്വദേശിയും കാഞ്ഞങ്ങാട്ടെ നെക്സ്റ്റ് വാട്ട് സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറുമായ സുഹാസ് കൃഷ്ണൻ നാസിക്കിൽ പുതിയൊരു പ്രോജക്ടിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് യാത്ര തിരിച്ചത്. സാധാരണയായി ദിവസവും ഉച്ചയ്ക്കു ശേഷം 2 മണിക്ക് മംഗളൂരു ജംക്ഷനിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20ന് മുംബൈയിലെ താനെ സ്റ്റേഷനിലെത്തുന്ന ട്രെയിനാണിത്.
യാത്രാവേളയിലെ ദുരനുഭവങ്ങളെക്കുറിച്ച് സുഹാസ് കൃഷ്ണൻ പറയുന്നതിങ്ങനെ: “വ്യക്തിപരവും തൊഴിൽപരവും സാമ്പത്തികവുമായ നഷ്ടം സംഭവിച്ചു. സമയനിഷ്ഠ പാലിക്കാൻ പറ്റാത്തതിലെ മാനഹാനിയുമുണ്ട്.
ട്രെയിൻ വൈകുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊരു സൂചന ലഭിച്ചിരുന്നെങ്കിൽ ബിസിനസ് മീറ്റിലെത്തുന്നത് വൈകുമെന്ന് പറയാനോ മറ്റെന്തെങ്കിലുമൊക്കെ ചെയ്യാനോ പറ്റുമായിരുന്നു. സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചിട്ട് പോലും കൃത്യമായ വിവരം ലഭിച്ചില്ല.
ഉപഭോക്തൃ കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനം.” മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ആയതുകൊണ്ട് തന്നെ ഒരു മണിക്കൂർ മുൻപ് തന്നെ സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും ഉച്ചയ്ക്ക് 2 മണിക്ക് വണ്ടി എത്തിയില്ല. കൗണ്ടറിൽ അന്വേഷിച്ചെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് മാന്യമായ മറുപടിയോ കൃത്യമായ വിവരമോ ലഭിച്ചില്ല.
ഒടുവിൽ വൈകിട്ട് 5.30നാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരുവിധ അനൗൺസ്മെന്റുകളും സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല.
മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കാത്തിരുന്നതിനാൽ ട്രെയിനിന്റെ ബോർഡ് കണ്ട് മനസ്സിലാക്കി കയറേണ്ടി വന്നു. സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ വണ്ടി പുറപ്പെട്ടതിനാൽ ഓടിക്കയറേണ്ട
അവസ്ഥയാണുണ്ടായത്. താനെയിലെത്തുമ്പോൾ സമയം പിറ്റേന്ന് രാവിലെ 11.20 ആയിരുന്നു.
നിശ്ചയിച്ച സമയത്ത് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ തുടർയാത്രയ്ക്കായി കരുതിയിരുന്ന കണക്ഷൻ ട്രെയിൻ ടിക്കറ്റും നഷ്ടമായി. ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വിവരങ്ങൾ ലഭ്യമല്ലാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു.
ഇതുസംബന്ധിച്ച് റെയിൽവേയുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

