കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വൻതോതിലുള്ള വികസനത്തിനായി പണം മുടക്കുന്ന അമേരിക്കയിലെ പ്രമുഖ ടെക്നോളജി കമ്പനികളുടെ സാമ്പത്തിക ബാധ്യതയിൽ വൻ വർധന. രാജ്യത്തെ ഏറ്റവും വലിയ ഏഴ് ടെക്നോളജി കമ്പനികളുടെ ആകെ കടം 55.49 ലക്ഷം കോടി രൂപയായാണ് ഉയർന്നതെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
2025-നെ അപേക്ഷിച്ച് ഏകദേശം 45 ശതമാനത്തിന്റെ വർധനവാണ് ഇക്കാലയളവിൽ ഉണ്ടായിട്ടുള്ളത്. എ.ഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഈ സ്ഥാപനങ്ങൾ നടത്തുന്ന ഭീമൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് പുതിയ ആശങ്കകൾക്ക് വഴിതുറന്നിട്ടുണ്ടെന്ന് എസ്.ബി.ഐ റിസർച്ച് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലെ മുൻനിര സാങ്കേതിക കമ്പനികളായ ആൽഫബെറ്റ്, ആമസോൺ, ആപ്പിൾ, മെറ്റ, മൈക്രോസോഫ്റ്റ്, എൻവിഡിയ, ടെസ്ല എന്നിവയാണ് ‘മാഗ്നിഫിസന്റ് സെവൻ’ എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത്. 2025ൽ ഈ ഏഴ് കമ്പനികളുടെയും ആകെ കടം ഏകദേശം 38.30 ലക്ഷം കോടി രൂപയായിരുന്നു.
എന്നാൽ 2026 പകുതിയോടെ ഇത് 55.49 ലക്ഷം കോടി രൂപയായി കുതിച്ചുയരുകയായിരുന്നു. 2023ലെ കടബാധ്യതയുടെ ഏകദേശം 1.7 മടങ്ങാണിത്.
കമ്പനികളുടെ ബാലൻസ് ഷീറ്റിൽ നേരിട്ട് പ്രതിഫലിക്കാത്ത മറ്റ് സാമ്പത്തിക ബാധ്യതകളും ഈ റിപ്പോർട്ട് ഗൗരവമായി വിലയിരുത്തുന്നുണ്ട്. എ.ഐ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം ബാധ്യതകളും ക്രമാതീതമായി വർധിക്കുകയാണ്.
പലിശനിരക്ക് ഉയരുന്നത് ഓഹരി വിപണിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ശക്തമാണ്. വായ്പാ ചെലവുകളും അമേരിക്കൻ സർക്കാർ ബോണ്ടുകളുടെ നേട്ടവും ഉയരുന്നത് കമ്പനികളുടെ ഓഹരി മൂല്യത്തെ പ്രതികൂലമായി ബാധിക്കാമെന്നാണ് എസ്.ബി.ഐ റിസർച്ച് മുന്നറിയിപ്പ് നൽകുന്നത്.
ഭാവിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ ഇന്നത്തെ മൂല്യം കണക്കാക്കാൻ ഉപയോഗിക്കുന്ന ഡിസ്കൗണ്ട് നിരക്ക് ഉയരുന്നതാണ് ഇതിന് പ്രധാന കാരണം. ഇതുവഴി പ്രമുഖ കമ്പനികളുടെ വിപണി മൂല്യത്തിൽ വലിയ തോതിലുള്ള സമ്മർദമുണ്ടാകാം.
ഇക്വിറ്റി ഡ്യൂറേഷൻ എന്ന കണക്കുകൂട്ടൽ രീതി ഉപയോഗിച്ച് നടത്തിയ വിലയിരുത്തലിൽ, ബോണ്ട് നേട്ടം ഉയർന്നാൽ ഈ ഏഴ് കമ്പനികളുടെയും വിപണി മൂല്യത്തിൽ 1.67 ലക്ഷം കോടി ഡോളർ മുതൽ 2 ലക്ഷം കോടി ഡോളർ വരെ ഇടിവുണ്ടാകാമെന്നാണ് റിപ്പോർട്ട് പറയുന്നത്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 160.32 ലക്ഷം കോടി രൂപ മുതൽ 192 ലക്ഷം കോടി രൂപ വരെയുള്ള നഷ്ടം സംഭവിച്ചേക്കാം.
നിലവിൽ ഈ ഏഴ് കമ്പനികളുടെയും സംയുക്ത വിപണി മൂല്യം ഏകദേശം 2,208 ലക്ഷം കോടി രൂപയായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എ.ഐ മേഖലയിലെ വൻ വികസനത്തിനായി ടെക്നോളജി കമ്പനികൾ കടമെടുക്കുന്നത് വർധിക്കുന്നതും അമേരിക്കൻ ബോണ്ട് വിപണിയിലെ മാറ്റങ്ങളും ഒരേസമയം സാമ്പത്തിക രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങളുടെ ലാഭക്ഷമതയും ഉയരുന്ന സാമ്പത്തിക ബാധ്യതകളും വരുംകാലത്ത് ആഗോള വിപണിയുടെ പ്രധാന നിരീക്ഷണ വിഷയങ്ങളായിരിക്കുമെന്നാണ് എസ്.ബി.ഐ റിസർച്ച് റിപ്പോർട്ട് നൽകുന്ന ശക്തമായ സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

